മീററ്റ്: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിനാണ് നേതാജിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇതില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനും പങ്കുണ്ടെന്ന് സ്വാമി വെളിപ്പെടുത്തി. നേതാജി ജന്മദിനത്തോടനുബന്ധിച്ച് മീററ്റില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് നെഹ്‌റുവിനെതിരേ സ്വാമി ആരോപണമുന്നയിച്ചത്.
1945ലെ വിമാനാപകടത്തില്‍നിന്നു രക്ഷപ്പെട്ട് സോവിയറ്റ് യൂണിയനിലെത്തിയ നേതാജിയെ സ്റ്റാലിന്‍ ഭരണകൂടം തടവിലാക്കി. പിന്നീട് സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം നേതാജിയെ വധശിക്ഷയ്ക്ക് വിധേയനാക്കുകയുമായിരുന്നെന്നാണ് സ്വാമി നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നത്. ഈ സംഭവത്തില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനും അറിവും പങ്കുമുണ്ടായിരുന്നെന്നാണ് ഇപ്പോഴത്തെ ആരോപണം.
പിടിയിലായ നേതാജിയെ എന്തുചെയ്യണമെന്ന് എന്നതില്‍ അഭിപ്രായമറിയിക്കാന്‍ സോവിയറ്റ് യൂണിയന്‍ 1945 ഡിസംബറില്‍ നെഹ്‌റുവിന് കത്തയച്ചിരുന്നു. എന്നാല്‍, ഇക്കാര്യം അറിയിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിനു കത്തയയ്ക്കുകയാണു നെഹ്‌റു ചെയ്തത്. നെഹ്‌റുവിന്റെ സ്‌റ്റെനോഗ്രാഫറായിരുന്ന ശ്യാംലാല്‍ ജെയ്‌നാണ് ഡിസംബര്‍ 26ന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുള്ള കത്ത് തയാറാക്കിയതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. നേതാജിയുടെ മരണം സംബന്ധിച്ച ദുരൂഹതയെക്കുറിച്ച് അന്വേഷിച്ച കോസല കമ്മിഷനില്‍ ശ്യാംലാല്‍ ഇതുസംബന്ധിച്ച തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
Discussion about this post