വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തന്നെ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ . ഇനി ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങി പോവില്ലെന്നും രണ്ട് പതിറ്റാണ്ടായി വോട്ടിംഗ് മെഷീന് തന്നെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് നടത്തിയ ഹാക്കത്തോണ്‍ എന്ന പരിപാടിയില്‍ സയ്യിദ് ഷൂജയെന്ന ഹാക്കര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് താന്‍ ഹാക്ക് ചെയ്തെന്നായിരുന്നു അന്ന് ഉന്നയിച്ച പ്രധാന ആരോപണം .
ഇതിനെ തുടര്‍ന്ന് വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പിലേക്ക് തിരികെ പോകണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു . ഇതിനുള്ള വ്യക്തമായ മറുപടിയാണ് ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് തിരികെ പോകില്ലെന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്നത് .
വോട്ടിങ് മെഷീനെ സംബന്ധിച്ച് പരാതികള്‍ ഉയരുന്നുണ്ട്. അവയെല്ലാം പരിശോധിക്കാന്‍ കമ്മീഷന് തയ്യാറാണ്. പിഴവുകള്‍ തിരുത്തി വോട്ടിങ് മെഷീനുമായി മുന്നോട്ട് പോകാനാണ് കമ്മീഷന്റെ തീരുമാനമെന്ന് സുനില്‍ അറോറ കൂട്ടിച്ചേര്‍ത്തു.
Discussion about this post