മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ വിവാദത്തില്‍. ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സംവിധായകന് ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സജീവ് പിള്ള പരാതിയും നല്കി.
തന്നെ ഭീഷണിപ്പെടുത്താനായി നിര്‍മ്മാതാവ് ഗുണ്ടകളെ അയച്ചുവെന്ന് സജീവ് പിള്ള ആരോപിച്ചു. വിതുരയിലുള്ള തന്റെ വീടിന്റെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടതായി സജീവ് പിള്ള പറയുന്നു. ഇവരെ നിര്‍മ്മാതാവ അയച്ചതാണെന്നും തന്നെ കായികമായി നേരിടാനാണ് നിര്‍മ്മാതാവ് ശ്രമിക്കുന്നതെന്നും സജീവ് പിള്ള പറഞ്ഞു. കഴിഞ്ഞ 18ാം തീയ്യതി വിതുരയില്‍ നിര്മ്മാതാവയച്ച യുവാക്കള്‍ തന്റെ വീട് തേടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളുള്‍പ്പെടുന്ന പരാതിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്.
‘മാമാങ്ക’ത്തില്‍ നിന്നും പിന്മാറാന് നിര്‍മ്മാതാവ് സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്ന് സജീവ് പിള്ള വെളിപ്പെടുത്തി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ചിത്രത്തിന്റെ പൊതുഘടനയെ മാറ്റുന്ന തരത്തിലുള്ള ചില ഇടപെടലുകള്‍ നിര്‍മ്മാതാവ് നടത്തി. തുടര്‍ന്ന് സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. തന്നെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റാനും ശ്രമമുണ്ടായെന്ന് സജീവ് പിള്ള പറഞ്ഞു. താന്‍ യൂണിയനില്‍ ഇതേപ്പറ്റി പരാതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിതുരയിലെ പോസ്റ്റ് മാനുമായി ബന്ധപ്പെട്ടാണ് നിര്മ്മാതാവയച്ച യുവാക്കള്‍ സംവിധായകന്റെ വീട് കണ്ടെത്തിയത്. ഇവരുടെ നീക്കത്തില്‍ സംശയം തോന്നിയ സംവിധായകന്റെ പിതാവ് പി.അയ്യപ്പന് പിള്ള പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസന്വേഷണത്തില്‍ നിര്‍മ്മാതാവിന്റെ സുഹൃത്തിന്റെ വാഹനത്തിലാണ് യുവാക്കള്‍ വന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.
പ്രായമായ മാതാപിതാക്കള്‍ മാത്രമാണ് തന്റെ വീട്ടിലുള്ളതെന്നും നിര്‍മ്മാതാവിന്റെ ഈ പ്രവൃത്തിയെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ സംവിധായകന് പറയുന്നു.
Discussion about this post