സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് ബോഡി ഷെയ്മിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് നടി അന്ന രാജൻ. നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ബോഡി ഷെയ്മിംഗ് കമന്റ് ഇട്ടവരോട് ആണ് നടി അഭ്യർത്ഥന നടത്തിയത്. തന്റെ വീഡിയോകൾ കാണാൻ താല്പര്യം ഇല്ലാത്തവർ കാണേണ്ട എന്നും നടി വ്യക്തമാക്കി.
നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം. അല്ലാതെ ബോഡി ഷേമിങ് ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ ഇടുകയും അത് മറ്റു പലരും ലൈക് ചെയ്യുകയും കാണുന്നത് വളരെ വേദനാജനകമാണ് എന്നും അന്ന രാജൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. തന്റെ നൃത്ത വീഡിയോയിൽ ചലനങ്ങൾക്ക് തടസ്സമാകുന്ന നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു. താൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ് എന്നും അന്ന അറിയിച്ചു.
രണ്ടുവർഷമായി എനിക്ക് ഈ പ്രശ്നങ്ങളുണ്ട്. ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും. ചിലപ്പോൾ മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടാതെ താൻ നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന ഇറുകിയ വസ്ത്രവും ചൂടുള്ള കാലാവസ്ഥയും കാരണം ചില പരിമിതികൾ ഉണ്ടായിരുന്നു. എങ്കിലും എന്റെ പരിമിതികൾക്കുള്ളിൽ നിന്നും ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നും നടി വ്യക്തമാക്കി.
Discussion about this post