സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്രാ തെരേസാ ജോണിനെ പിണറായി വിമര്‍ശിച്ചതിന് പിറകെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വിമര്‍ശനം. സര്‍ക്കാരിന് മുകളില്‍ ഓഫീസര്‍മാര്‍ പറക്കരുതെന്ന് കോടിയേരി പറഞ്ഞു. വില കുറഞ്ഞ പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്ന് കോടിയേരി ആരോപിച്ചു. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് കീഴിലാണെന്ന് കോടിയേരി ഓര്‍മ്മപ്പെടുത്തി.
സി.പി.എം നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും നിരോധിക്കപ്പെട്ട പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ വാഴ്ച നടപ്പിലാക്കാനാണ് ഓഫീസര്‍മാര്‍ ശ്രമിക്കേണ്ടത്. സ്ത്രീ ആയാലും പുരുഷനായാലും ഓഫീസര്‍മാര്‍ നിയമപരമായി പ്രവര്‍ത്തിക്കണം. റെയ്ഡിന് ശേഷം അവിടെ നിന്നും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
അതേസമയം റെയ്ഡ് ആസൂത്രിതമായി ചെയ്തതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് കോടിയേരി വ്യക്തമാക്കി. ചൈത്രാ തെരേസാ ജോണിന്റെ എന്തെങ്കിലും തോന്നലിന്റെ ഭാഗമായി ചെയ്തതായിരിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇതുപോലുള്ള ഓഫീസര്‍മാര്‍ക്ക് ആസൂത്രിതമായി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.
Discussion about this post