ബി.എസ്.പി അധ്യക്ഷ മായാവതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നടന്ന സ്മാരക നിര്‍മ്മാണ അഴിമതിക്കേസില്‍ ഉത്തര്‍ പ്രദേശില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആറ് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. യു.പി നിര്‍മ്മാണ്‍ നിഗത്തിന്റെ എം.ഡി സി.പി.സിംഗിന്റെ വസതിയിലും റെയ്ഡ് നടത്തി. അനധികൃത മണല്‍ ഖനന അഴിമതിക്കേസില്‍ അഖിലേഷ് യാദവ് സര്‍ക്കാരിലെ മന്ത്രിമാരുടെ വസതികളില്‍ റെയ്ഡ് നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് സ്മാരക നിര്‍മ്മാണ അഴിമതിക്കേസില്‍ റെയ്ഡ് നടക്കുന്നത്.
നിരവധി ഓഫീസര്‍മാരുടെയും കരാറുകാരുടെയും വസതികളും ഓഫീസുകളും റെയ്ഡ് ചെയ്യപ്പെട്ടു. സ്മാരക നിര്‍മ്മാണ അഴിമതിക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് ചോദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടന്നത്. കുറ്റവാളികളില്‍ ആരെയും വെറുതെ വിടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.ബി.ഭോസ്‌ലെയും ജസ്റ്റിസ് യശ്വന്ത് വര്‍മ്മയും അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്.
മുന്‍ മന്ത്രിമാരായ നസീമുദ്ദീന്‍ സിദ്ദിഖിയെയും ബാബു സിംഗ് കുശ്വാഹയെയും പ്രതികളായി യു.പി ലോകായുക്ത പ്രഖ്യാപിച്ചിരുന്നു. ഇവരുടെ കൂടെ മറ്റ് 197 പേരുമുണ്ടായിരുന്നു.
ദളിത് സ്മാരകങ്ങള്‍ക്ക് വേണ്ടി 4,188 കോടി രൂപ ചിലവഴിച്ചുവെന്നും ലോകായുക്ത പറയുന്നു. ഇതില്‍ 35 ശതമാനം ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയക്കാരുടെയും, കരാറുകാരുടെയും, എന്‍ജിനീയര്‍മാരുടെയും പക്കലേക്കാണ് പോയതെന്നും ലോകായുക്ത റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post