മുന്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 9ന് നടക്കും. ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും ലക്ഷ്യവും പ്രഖ്യാപിക്കുന്നതായിരിക്കും.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് തൊഗാഡിയയുടെ സഹായിയും വിശ്വ ഹിന്ദു പരിഷത്ത് ദല്‍ഹി നേതാവുമായ കരംവീര്‍ ഹിന്ദു വ്യക്തമാക്കി. ഇതിനായി 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതിനോടകം തീരുമാനിച്ചുവെന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
അധികാരത്തില്‍ വന്നാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയോദ്ധ്യയില്‍ തങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്ന് കരംവീര്‍ ഹിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുകയും തൊഗാഡിയ ചെയ്തു. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ തൊഴിലില്ലായ്മയ്ക്ക് വഴിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വാള്‍മാര്‍ട്ടിനെ നിരോധിക്കുകയും ചെയ്യുമെന്ന് തൊഗാഡിയ വ്യക്തമാക്കി.
അതേസമയം പ്രവീണ്‍ തൊഗാഡിയയെ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്.
Discussion about this post