കണ്ണൂര്‍: ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഒരു സംഘം ആക്രമണം നടത്തി. ക്ഷേത്രഭരണസമിതി പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി ശനിയാഴ്ച തലശ്ശേരിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
28നു നടക്കുന്ന ക്ഷേത്ര ഭരണസമിതി (ജ്ഞാനോദയ യോഗം) തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ദിവസമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഒരു സംഘം ഓഫീസിലെത്തി അക്രമം കാട്ടുകയായിരുന്നുവെന്ന് ഐദ്യവേദി ആരോപിക്കുന്നു. അക്രമത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജേഷിന് പരിക്കേറ്റിട്ടുണ്ട്. ഫര്‍ണിച്ചറുകളും മറ്റും തകര്‍ന്ന നിലയിലാണ്.
നിലവിലെ ഭരണസമിതിയുടെ ഒത്താശയോടെ ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ജ്ഞാനോദയ യോഗത്തിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നിലവിലുള്ള ഭരണസമിതി അഞ്ഞൂറിലേറെ പേര്‍ക്ക് പുതിയ അംഗത്വം നല്‍കിയെന്നും ആരോപണമുണ്ട്. നിലവിലുള്ള ഭരണസമിതിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഭരണസമിതി വേണമെന് ആവശ്യം ശക്തമാണ്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ സിപിഎം ഗണ്ടായിസം അഴിച്ചുവിടുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ക്ഷേത്രഭരണം കൈയ്യാളുന്ന ഇപ്പോഴത്തെ ഭരണസമിതിക്കെതിരേ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ അക്രമം. നിലവിലെ ഭരണസമിതി ഒരു വികസനവും നടപ്പാക്കിയിട്ടില്ലെന്നാണ് ഭക്തരുടെ പ്രധാന ആക്ഷേപം.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍. കൊട്ടിയൂര്‍ ഉത്സവം പ്രമാണിച്ച് വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
അതേസമയം ആക്രമണം നടത്തിയെന്ന വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ നിഷേധിച്ചു. അനാവശ്യ ആരോപണ ഉന്നയിച്ച് സംഘര്ഷാവസ്ഥയുണ്ടാക്കുകയാണ് ചിലരെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
Discussion about this post