ഡല്‍ഹി: .ആക്രമണ സാധ്യതകണക്കിലെടുത്ത് രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21 ന് ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം.കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്പഥില്‍ നടക്കുന്ന യോഗ ദിനാഘോഷത്തില്‍ ആകാശമാര്‍ഗം ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ആക്രമണ സാധ്യത ഇല്ലാതാക്കാന്‍ ബലുണുകള്‍, പട്ടങ്ങള്‍, ഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് തുടങ്ങിയവ ആഘോഷവേളയില്‍ ഉപയോഗിക്കുന്നതിന് ഡല്‍ഹിപോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ആകാശത്തു നിന്നുളള കാഴ്ചകള്‍ പകര്‍ത്തുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യോഗ ദിനത്തില്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്കുന്ന മുന്നറിയിപ്പ്. രാജ്പഫിലും പരിസരത്തുമായി മുപ്പത് കമ്പനി സുരക്ഷാഭടന്മാരെയാണ് നിയോഗിക്കുക. യോഗ പരിശീലനം നടക്കുന്ന രാജ്പഥില്‍ മാത്രം സുരക്ഷ ഒരുക്കാന്‍ ഡല്‍ഹി പോലീസില്‍ നിന്നുള്‍പ്പെടെ 5,000 സായുധഭടന്മാരെയാണ് നിയോഗിക്കുക. ഇവിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗ ദിന പരിശീലനത്തില്‍ പങ്കാളിയാവുന്നത്.ഞായറാഴ്ച നടക്കുന്ന മെഗാ യോഗാ പരിശീലനത്തില്‍ എന്‍സിസി കേഡറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പൊതുജനങ്ങളുമടക്കം 35,000 പേര് പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Discussion about this post