അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകളെ ആക്രമിച്ച വ്യോമസേനയുടെ നടപടിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പാകിസ്ഥാന് ഇനിയെങ്കിലും പാഠം പഠിക്കണം. പാകിസ്ഥാന് സ്വന്തം മണ്ണില്‍ ഭീകരക്യാമ്പുകള്‍ സ്ഥാപിക്കാന്‍ സാഹചര്യം ഒരുക്കി ഇന്ത്യയെ ആക്രമിക്കാന്‍ സഹായം നല്കുന്ന നടപടി നിര്‍ത്തണം. അല്ലെങ്കില്‍ ഇതിലും വലിയ നാണക്കേട് തുടര്‍ന്ന് നേരിടേണ്ടി വരുമെന്ന് ആന്റണി പറഞ്ഞു.
മുന്‍കാലങ്ങളിലെല്ലാം പ്രകോപനം സൃഷ്ടിക്കുന്ന നടപടികള്‍ പാകിസ്ഥാന് തുടര്‍ന്നിരുന്നു. പലപ്പോഴും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു. എന്നാലും പാഠം പഠിക്കാന്‍ അവര്‍ തയ്യാറായില്ല.
വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നെന്നും പറഞ്ഞ എകെ ആന്റണി, അഭിനന്ദനം സൈന്യത്തിനാണെന്നും വ്യോമസേനയുടെ നീക്കത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി പ്രതികരിച്ചു.
അതിനിടെ പാക്കിസ്ഥാനിലേക്ക് കടന്ന് വ്യോമാക്രമണം നടത്തിയെന്ന വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.അത് പാക്കിസ്ഥാനെതിരെയുള്ള സൈനിക നീക്കമല്ലെന്നും ഒരു പ്രതിരോധം മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post