ആണവ അന്തര്‍വാഹിനി ലഭിക്കുന്നതിന് വേണ്ടി ഇന്ത്യ 3 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ റഷ്യയുമായി ഒപ്പിട്ടു. യു.എസിന്റെ ഉപരോധമുണ്ടാകാന്‍ സാധ്യതയുള്ളപ്പോഴാണിത്. ഇതിന് മുന്‍പ് റഷ്യയുമായി എസ്-400 ട്രിയുംഫ് മിസൈല്‍ സിസ്റ്റത്തിന്റെ കരാറില്‍ ഒപ്പിട്ടപ്പോഴും യു.എസിന്റെ ഭാഗത്ത് നിന്നും ഉപരോധം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഉപരോധമുണ്ടായിട്ടില്ല.
അകുല-1 ക്ലാസ് മുങ്ങിക്കപ്പലാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്നത്. ഏകദേശം 21,000 കോടി രൂപയാണ് ഇതിനാവുക. നിലവില്‍ ഇന്ത്യയിലുള്ള ഐ.എന്‍.എസ് ചക്രയ്ക്ക് പകരമായിട്ടാണ് റഷ്യയില്‍ നിന്നും ലഭിക്കുന്ന മുങ്ങിക്കപ്പല്‍ ഉപയോഗിക്കുക. 2025ഓടെയാണ് കപ്പല്‍ ഇന്ത്യയ്ക്ക് ലഭിക്കുക. 10 വര്‍ഷത്തെ ലീസിനാണ് ഐ.എന്‍.എസ് ചക്ര ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിച്ചത്. 2012ലായിരുന്നു ഇത്.
അകുല-1 ക്ലാസ് മുങ്ങിക്കപ്പല്‍ ലഭിക്കുന്നത് വരെ ഐ.എന്‍.എസ് ചക്രയുടെ ലീസ് 2025 വരെ നീട്ടുന്നതായിരിക്കും. ലഭിക്കാനിരിക്കുന്ന മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് ചക്രയെക്കാള് വലുതും നൂതനവുമായിരിക്കും.
അതേസമയം 2018 നവംബറില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഐ.എന്‍.എസ് അരിഹന്തിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഐ.എന്‍.എസ് അരിഹന്ത് പ്രാബല്യത്തില്‍ വരുന്നതിലൂടെ ഇന്ത്യയ്ക്ക് ആണവത്രയം ലഭിക്കുന്നതായിരിക്കും. ഇന്ത്യയ്ക്ക് ഭൂമിയില്‍ നിന്നും, വായുവില്‍ നിന്നും, ജലത്തില്‍ നിന്നും ആണവ ആയുധങ്ങള്‍ തൊടുത്ത് വിടാനുള്ള ശക്തി ലഭിക്കും.
Discussion about this post