കൊല്ലം: വീട്ടില്‍ കയറി യുവാവിനെ വെട്ടിയ കേസില്‍ ഒളിവില്‍ പോയ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മുട്ടയ്ക്കാവ് സ്വദേശിയായ ഷാഫിയെ വെട്ടിയ കേസിലാണ് അറസ്റ്റ് . മുട്ടയ്ക്കാവ് സ്വദേശികളായ ഫൈസല്‍ (33), ഇര്‍ഷാദ് (21) എന്നിവരാണ് പിടിയിലായത്. കേസില്‍ ഷിഹാബ് എന്ന യുവാവിനെയും സഹോദരനും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ ഖിറാറിനെയും പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷിഹാബ് സഹോദരന് ഖിറാര് മുഖേന എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഇറക്കി ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സുഹൃത്തുക്കളായ ഷാഫിയും ഷിഹാബും തമ്മില്‍ വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. അയല്‍ക്കാരായ ഇരുവരുടെയും വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഇവരുടെ വാഹനങ്ങള്‍ ഞെരുങ്ങി ഉരസിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഷാഫിയുടെ ഓട്ടോ ഷിഹാബിന്റെ കാറില്‍ ബോധപൂര്‍വം ഉരസിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Discussion about this post