തിരുവനന്തപുരം; കെഎസ്ആർടിസി ഡ്രൈവറുമായുള്ള പ്രശ്‌നത്തിൽ മേയർ ആര്യാ രാജേന്ദ്രനു വേണ്ടി ആദ്യം ഇടപെട്ടത് താനാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയും എംപിയുമായ എഎ റഹീം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബർ ആക്രമണമാണെന്ന് എ എ റഹീം കുറ്റപ്പെടുത്തി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാർത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്.
അവർ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവർക്കും കയറിക്കൊട്ടാൻ കഴിയുന്ന ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകൾ എന്ന് ആരെങ്കിലും കരുതുന്നതെങ്കിൽ അതങ്ങ് മനസ്സിൽ വച്ചിരുന്നാൽ മതിയെന്നും അദേഹം പറഞ്ഞു.
അവർ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷം ആയതുകൊണ്ട് മാത്രമാണ്. അങ്ങേയറ്റം അസഭ്യവർഷമാണ് അവർക്ക് നേരെ നടക്കുന്നത്. യൂത്ത് കോൺഗ്രസും കോൺഗ്രസും ചെല്ലും ചിലവ് നൽകി ഒരു അരാജക സംഘത്തെ വളർത്തി വിട്ടിരിക്കുകയാണെന്നും റഹീം ആരോപിച്ചു.
മേയർ എന്ത് തെറ്റാണ് ചെയതത്. ഈ സംഭവത്തിന്റെ ആദ്യ മണിക്കൂറിൽ ഇടപെട്ടയാളാണ് ഞാൻ. ആര്യയോട് ഞാൻ സംസാരിച്ചതാണ്. എനിക്കറിയാം അവളുടെ മെന്റൽ ട്രോമ. അവൾക്ക് നേരിടേണ്ടി വന്ന അശ്ലീല ആംഖ്യഭാഷയെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെട്ട് ചെറിയ പ്രായത്തിൽ മേയർ സ്ഥാനത്ത് എത്തിയതു മുതൽ ആര്യയെ ആക്രമിക്കുകയാണ്. അതിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ട്. അങ്ങിനെ ഒരു ബ്രാൻഡ് ഉയർന്നുവരണ്ട എന്നതാണ് ആ ലക്ഷ്യം. അതൊക്കെ മനസിലാക്കാനുള്ള ശേഷി ഇടതുപക്ഷത്തിനുണ്ട്. ഇതൊക്കെ കൊണ്ട് മേയർ ആര്യ പണി നിറുത്തി പോകുമെന്ന് ആരും വിചാരിക്കണ്ട. ഇക്കാര്യത്തിൽ ജനാധിപത്യപരമായും നിയമപരമായും ഡിവൈഎഫ്‌ഐ ശക്തമായി മുന്നോട്ടു പോകും”.ഞങ്ങളുടെ പ്രിയപ്പെട്ട സഖാക്കൾ ഒറ്റക്കായി പോകുമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. ഈ തെറ്റായ പ്രവണതയ്‌ക്കെതിരെ സംഘടന ഒറ്റക്കെട്ടായി മുന്നിലുണ്ടാകുമെന്നും റഹിം വ്യക്തമാക്കി. സച്ചിൻ ദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും, ടിക്കറ്റ് എടുത്ത് ഡിപ്പോയിലേക്ക് പോകാനാണ് ബസിൽ കയറിയതെന്നുമാണ് റഹിമിന്റെ വിശദീകരണം.
Discussion about this post