രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് എടുത്ത് കളയുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നത്. വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനുളള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതിന് വിചാരണ തടവുകാരായി തുടരുന്നവരെ ഉടന്‍ വിട്ടയക്കുമെന്നും് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് അഫ്സ്പ പരിരക്ഷ നല്‍കില്ല. മാനനഷ്ടം സിവില്‍ കുറ്റമായി മാറ്റും. മൂന്നാംമുറ തടയുന്നതിനുളള പ്രത്യേക നിയമം പാസാക്കും. തടവുകാരുടെ മനുഷ്യാവകാശം ഉറപ്പുവരുത്തും. അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്രാധികാരങ്ങള്‍ സിആര്‍പിസിയുടേയും എവിഡന്‍സ് ആക്ടിന്റെയും പരിധിയിലാക്കുമെന്നും, ജയില്‍ നിയമങ്ങള്‍ പരിഷ്കരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു
ദരിദ്ര കുടുംബങ്ങള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് തന്നെയാണ് അതില്‍ പ്രധാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് പ്രകാരം ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍ എത്തുമെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി വിശദീകരിച്ചു. തൊഴിലില്ലായ്മയും കര്‍ഷകരുടെ ദുരിതവും മുഖ്യധാരാ ചര്‍ച്ചയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞു. 22 ലക്ഷം ഒഴിവുകളാണ് നിയമനം നടത്താതെ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളത്. 2020 മാര്‍ച്ചിനു മുമ്പ് ഈ ഒഴിവുകളില്‍ നിയമനം നടത്തും. കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഒഴിവാക്കും. സിവില്‍ കുറ്റമായി മാത്രമേ ഇതിനെ കണക്കാക്കൂവെന്ന് രാഹുല്‍ പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക ഉറപ്പു നല്കുന്നു. രാജ്യദ്രോഹക്കുറ്റം എടുത്തുകളയും തുടങ്ങിയ വാഗ്ദാനങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യവിരുദ്ധരെ സഹായിക്കുന്ന നിലപാടാണ് എന്നും കോണ്‍ഗ്രസിന് എന്നാണ് ആരോപണം.
Discussion about this post