കോണ്‍ഗ്രസിന്റെ താരപ്രചാരകനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ക്രിക്കറ്ര് താരം നവജ്യോത് സിദ്ദു 20 ദിവസമായി അജ്ഞാത വാസത്തിലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ അസാനിധ്യം പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ദേശീയ നേതൃത്വവുമായി യാതൊരു തരത്തിലുളള ആശയവിനിമയവും ഇല്ലാതെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങാതെ സിദ്ദു മാറി നില്ക്കാന് തുടങ്ങിയിട്ടു 20 ദിവസങ്ങള്‍ പിന്നിട്ടു.
ചണ്ഡീഗഡില്‍ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിനു സീറ്റു നിഷേധിച്ചതാണു സിദ്ദുവിന്റെ മൗനത്തിനു പിന്നിലെന്നാണ് സൂചനകള്‍. ചണ്ഡീഗഡിലോ അമൃത്സറിലോ നവജ്യോത് കൗറിനു സീറ്റ് നല്‍കുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ സീറ്റ് നിഷേധിച്ചത് സിദ്ദുവിനു തിരിച്ചടിയായി. കോണ്‍ഗ്രസിനു നന്നായി വേരോട്ടമുളള അമൃത്സറില് വന്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റതോടെ എന്നാല്‍ കാണിച്ച് താരം എന്ന മട്ടിലാണ് താരത്തിന്റെ നീക്കങ്ങള്‍.
മോഗയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലിയില്‍ നിന്നും സിദ്ദുവിനെ തഴഞ്ഞതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പശ്ചിമബംഗാളും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സിദ്ദുവിനു വേണ്ടി ചരടു വലിക്കുമ്പോള്‍ ചണ്ഡീഗഡിലെ താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്നും തന്നെ വെട്ടിയതു സിദ്ദുവിനെ അപമാനിക്കലായി. തുടര്‍ച്ചയായുളള വിവാദ പ്രസ്താവനകളുടെ പേരില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി നിലനില്‍ക്കുന്ന പടലപിണക്കങ്ങളാണു സിദ്ദുവിനെ സംസ്ഥാന നേതൃത്വത്തിനു അനഭിമതനാക്കിയത്. ഇതാണ് തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ നിന്നു ഉള്വലിയാന് പ്രേരിപ്പിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.മുഖ്യമന്ത്രിയെ അറിയിക്കാതെ കര്‍താര്‍പുര്‍ ഇടനാഴിയുടെ പാക്കിസ്ഥാന് ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുക്കാന്‍ സിദ്ദു പോയതു വന്‍ വിവാദമായിരുന്നു.എന്തുകൊണ്ടു നിങ്ങള്‍ പഞ്ചാബ് മുഖ്യമന്ത്രിയെ അനുസരിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അദ്ദേഹം ആര്‍മി ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെയും ക്യാപ്റ്റനാണു രാഹുല്‍ ഗാന്ധിയെന്ന സിദ്ദുവിന്റെ പരാമര്‍ശം സംസ്ഥാന നേതൃത്വത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നു സിദ്ദു പറഞ്ഞതും വിവാദമായി.
പാക്കിസ്ഥാന് സന്ദര്‍ശന വേളയില്‍ ഇമ്രാന് ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാന്‍ നേതാവിനൊപ്പം ചിത്രമെടുത്തതും കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഗയിലെ പ്രാസംഗീകരുടെ പട്ടികയില്‍ നിന്ന് സിദ്ദുവിന്റെ പേര് വെട്ടിയത്.
ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയും അമരീന്ദര്‍ സിങ്ങുമായുളള നീരസത്തെ ചൊല്ലിയും മാറിനില്‍ക്കുന്ന സിദ്ദുവിനെ അനുനയിപ്പിച്ചു എത്രയും വേഗം തിരഞ്ഞെടുുപ്പു പ്രചാരണ വേദിയില്‍ എത്തിക്കാന്‍ സംസ്ഥാന, ദേശീയ നേതൃത്വം മുന്‍കൈ എടുക്കണമെന്നു പ്രാദേശിക നേതൃത്വം മുറവിളി ഉയര്‍ത്തുന്നുണ്ട്. എന്നാന് ക്യാപ്റ്റന്‍ അമരീന്ദര്‍ സംിഗ് വഴങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
2016 ല്‍ അമൃത്സര്‍ ലോക്സഭാംഗമായിരുന്ന സിദ്ദുവിനു തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റു നിഷേധിക്കുകയും അവിടെ അരുണ്‍ ജയ്റ്റലിയെ മത്സരിപ്പിക്കുകയും ചെയ്തതോടെയാണു ബിജെപിയുടെ ജനകീയ മുഖമായിരുന്ന സിദ്ദു പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അധികം വൈകാതെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവും ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Discussion about this post