മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും . അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല . രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും .
ഏപ്രില്‍ പതിനൊന്നിന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്ന് നിര്‍മ്മാല്യവും അഭിക്ഷേകവും നടക്കും . തുടര്‍ന്ന് പതിവ് പൂജകളുണ്ടാകും .മേടം ഒന്നായ ഏപ്രില്‍ 15 ന് വിഷു ദിനത്തില്‍ പുലര്‍ച്ചെ നട തുറന്ന് ഭക്തര്‍ക്കായി വിഷുകണി ദര്‍ശനം ഒരുക്കും . തുടര്‍ന്ന് മേല്‍ശാന്തിയും തന്ത്രിയും ഭക്തര്‍ക്ക് വിഷുകൈനീട്ടവും നല്‍കും .
നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും നെയ്യഭിക്ഷേകം , കളഭാഭിഷേകം , പടിപൂജ എന്നിവ സന്നിധാനത്ത് നടക്കും . ഏപ്രില്‍ 19 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനടയടക്കും .
ഇടവ മാസ പൂജകള്‍ക്കായി മെയ്മാസം 14-ന് വൈകുന്നേരം 5-ന് നടതുറക്കും .
Discussion about this post