ഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുക്കളുടേയും വിശ്വസ്തരുടേയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 281 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയാണ് ബിജെപി. 281 കോടി രൂപ റെയ്ഡില്‍ പിടിച്ചെടുത്തത് നരേന്ദ്രമോദി കമല്‍നാഥ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കാന്‍ ഉന്നയിച്ചിരുന്നു. കള്ളന് ആരെന്ന് വ്യക്തമായില്ലേ എന്നാണ് മോദിയുടെ ചോദ്യം. മൂന്ന് മാസം കൊണ്ട് കമല്‍നാഥ് സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് മോദിയുടെ ആരോപണം.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയ 281 കോടി രൂപയുടെ കണക്ക് ട്വീറ്റ് ചെയ്തു. ‘മധ്യപ്രദേശില്‍ ട്രാന്‍സ്ഫര്‍ എക്സ്പ്രസ് പാളം തെറ്റി. ആളപായമില്ല, എന്നാല്‍ ഏകദേശം 281 കോടി രൂപയുടെ നഷ്ടമുണ്ട്,’ എന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റും വലിയ തോതില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് എക്സ്പ്രസ് ആണ് പാളം തെറ്റിയത് എന്നാണ് ട്രോളര്‍മാരുടെ പരിഹാസം. ഫണ്ടില്ലാതെ വലഞ്ഞവര്‍ക്ക് കമല്‍നാഥ് അത്താണിയായി എന്നും ചിലര്‍ വിമര്‍ശിക്കുന്നു.
നാല് സംസ്ഥാനങ്ങളിലെ 52 കേന്ദ്രങ്ങളിലായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 300 ആദായനികുതി ഉദ്യോഗസ്ഥരാണു റെയ്ഡില്‍ പങ്കെടുത്തത്. 14.6 കോടി രൂപ, 252 കുപ്പി മദ്യം, ആയുധങ്ങള്‍, കടുവയുടെ തോല് എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തതായി പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം, തിങ്കളാഴ്ച രാത്രി ആദായനികുതി വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെ കണക്ക് പുറത്തുവിടും മുമ്പ്, ഇതിനെ ചോദ്യം ചെയ്തു കോണ്‍ഗ്രസ് രംഗത്തെത്തി. ആദായനികുതി വകുപ്പ് പുറത്തുവിടാന്‍ പോകുന്ന കണക്ക് എങ്ങനെയാണു ബിജെപി നേതാവിനു ലഭിച്ചതെന്ന് കമല്‍നാഥിന്റെ മീഡിയ കോഓര്‍ഡിനേറ്റര്‍ നരേന്ദര്‍ സലുജ ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേക്ക് 20 കോടി രൂപ കൈമാറ്റം ചെയ്തതായി കാണപ്പെട്ടു’ എന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതാര്‍ക്കാണ് എന്ന് വെളിപ്പെടുത്തിയാല്‍ അതും വലിയ രാഷ്ട്രീയ ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തല്‍.തിങ്കളാഴ്ച രാത്രിയാണ് പണം ശേഖരിക്കാനായി സംഘടിത ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
Discussion about this post