കോണ്‍ഗ്രസ് വിട്ട കരുത്തനായ നേതാവ് അല്‍പേഷ് താക്കൂറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാട്ടീല്‍ സമുദായ നേതാവ് ഹാര്‍ദിക് പാട്ടീല്‍. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ടതിന് പിറകെയാണ് കോണ്‍ഗ്രസ് വേദിയില്‍ വച്ച് ഹാര്‍ദികിന്റെ മോശമായ രീതിയിലുള്ള വിമര്‍ശനം. കോണ്‍ഗ്രസ് അല്‍പേഷ് താക്കൂറിന് ബഹുമാനവും അധികാരവും നല്കി, എന്നാല്‍ മോശം കളി കളിക്കുകയാണ് അല്‍പേഷ് താക്കൂര്‍ ചെയ്തതെന്ന് ഹാര്‍ദിക് പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്‍ നിരയില്‍ നിന്ന് നയിച്ച നേതാവാണ് അല്‍പേഷ് താക്കൂര്‍. കോണ്‍ഗ്രസ് വിട്ടെങ്കിലും അദ്ദേഹം മറ്റൊരു പാര്‍ട്ടിയിലും ചേര്‍ന്നിരുന്നില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഹാര്‍ദികിന്റെ പ്രസ്താവന.
തനിക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചത് ബിജെപിയാണെന്നും ഹാര്‍ദിക് പാട്ടീല്‍ കുറ്റപ്പെടുത്തി. നേരത്തെ ബിജെപി ഓഫിസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പട്ടേലിന് ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
ഹാര്‍ദികിന് മത്സരിക്കാന്‍ കഴിയില്ല എന്നതിന് പിറകെ അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസിന് തിരിച്ചടിയായി. അല്‍പേഷ് താക്കൂറിന്റെ പകരക്കാരന് എന്ന റോലിലേക്ക് വരാന്‍ ഹാര്‍ദിക് ശ്രമിക്കുകയാണോ എന്ന അതൃപ്തി കോണ്‍ഗ്രസിനകത്ത് തന്നെയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യധാരയില്‍ താനുണ്ടാവുമെന്ന് ഹാര്‍ദിക് പാട്ടീല്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post