തന്നെ ആഫ്രിക്കന്‍ ജയിലിലെ നരകസമാനമായ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്തിയ വിദേശകാര്യ മന്ത്രിയെ നേരിട്ടു കാണാന്‍ ഇന്നലെ കൊച്ചിയില്‍ തരുണ്‍ ബാബു എത്തി. വിദേശങ്ങളില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് വിളിച്ചാല്‍ വിളിപ്പുറത്തുള്ള, ഒരമ്മയെപ്പോലെ വിദേശങ്ങളില്‍ അപകടത്തില്‍പ്പെടുന്ന ഇന്ത്യാക്കാരുടെ ക്ഷേമമന്വേഷിക്കുന്ന സുഷമാ സ്വരാജിനെ നേരിട്ട് കണ്ട് തിരിച്ച് കിട്ടിയ ജീവിതത്തിന് തരുണ്‍ ബാബു നന്ദി പറഞ്ഞു.
2013 ല്‍ കിഴക്കന്‍ ആഫ്രിക്കന്‍ തീരത്തുകൂടി പോയിരുന്ന അവരുടെ കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന്നിരയായതാണ്. കൊള്ളക്കാര്‍ നിര്‍ദ്ദേശിച്ച ഇടത്തു കൂടി തോക്കിന് മുനയില്‍ കപ്പലോടിച്ച ഇവരെ ടോഗോ എന്ന രാജ്യത്തിന്റെ തീരത്തുപേക്ഷിച്ച് സകലതും കവര്‍ന്ന് കൊള്ളക്കാര്‍ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടു. അഭയം തേടി ടോഗോയിലെത്തിയ നാവികരെ പക്ഷേ അവിടെ കടല്‍ക്കൊള്ളക്കാരെ സഹായിച്ചു എന്ന് കുറ്റം ചുമത്തി അവര്‍ ജയിലിലടയ്ക്കുകയാണുണ്ടായത്.
ഇരുപത് പേര്‍ക്ക് താമസിക്കാനുള്ള ജയില്‍ മുറിയില്‍ എണ്‍പത് പേരെയാണ് പാര്‍പ്പിച്ചിരുന്നത്. അതും കൊടും കുറ്റവാളികളോടൊപ്പം. വല്ലപ്പോഴും ലഭിക്കുന്ന ആഹാരം വായില്‍ വയ്ക്കാന്‍ പോലും കൊള്ളാത്തതും. ടോഗോ എന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് ഭാഷ പോലുമറിയാതെ പെട്ടു പോയത് കേരളീയരായ അഞ്ച് മര്‍ച്ചന്റ് നേവിയിലെ നാവികര്‍ ആയിരുന്നു. തരുണ്‍ ബാബു, നിതിന്‍ ബാബു, ഷാജി അബ്ദുള്ളക്കുട്ടി, നവീന്‍ ഗോപി , ആന്റണി ഗോഡ്വിന് എന്നിവരായിരുന്നു ആ അഞ്ച് പേര്.
ക്രൂരമായ സാഹചര്യങ്ങളില്‍ കൊടും കുറ്റവാളികള്‍ക്കൊപ്പം ആ ജയിലില്‍ കിടക്കുന്ന അവര്‍ക്കു വേണ്ടി 2013 ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ സുഷമാ സ്വരാജ് നേരിട്ടു തന്നെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ 2014 അധികാരത്തിലെത്തിയപ്പോള്‍ ആദ്യം സുഷമാ സ്വരാജ് ഇടപെട്ട കാര്യങ്ങളിലൊന്നായിരുന്നു ഇവരുടെ വിടുതല്‍. എല്ലാ സഹായവുമായി വിദേശകാര്യ മന്ത്രാലയമെത്തി.
ഭാരതത്തിന് എംബസി ഇല്ലാത്ത ടോഗോയില്‍ അയല്‍ രാജ്യമായ ഘാനയിലെ ഭാരത എംബസിയില്‍ നിന്ന് സ്പെഷ്യല്‍ ഓഫീസറെ അയച്ചാണ് ഇവരുടെ വിടുതലിനായുള്ള ശ്രമങ്ങള്‍ നടത്തിയത്. രണ്ടര വര്‍ഷത്തോളം നീണ്ടു നിന്ന നിയമ, നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ എല്ലാ നാവികരേയും നമുക്ക് രക്ഷപെടുത്താനായി.
ഇന്നലെ കൊച്ചിയില്‍ തന്റെ ജീവിതം തിരിച്ചു തന്ന വിദേശകാര്യ മന്ത്രിയെ കാണാന്‍ തരുണ്‍ ബാബു കൂപ്പുകൈകളുമായെത്തിയപ്പോള് സുഷമാ സ്വരാജ് എന്ന ഒരു വിദേശകാര്യ മന്ത്രി വിളിപ്പുറത്തുണ്ടായതു കൊണ്ട് മാത്രം, ഏത് പാതിരാത്രിക്കും ഏത് പൗരനും വേണ്ടി ഉണര്‍ന്നിരിക്കുന്ന കരുതല്‍ ഉണ്ടായതു കൊണ്ടു മാത്രം യമനിലും ഇറാഖിലും മുതല്‍ ടോഗോയിലും സഹാറയിലും വരെ അപകടത്തില്‍ നിന്ന് കൃത്യസമയത്ത് സഹായമെത്തിച്ചതുകൊണ്ട് രക്ഷപെട്ട ആയിരക്കണക്കിന് ഇന്ത്യാക്കാരുടെ നന്ദിയാണ് അറിയിച്ചത്.
വീഡിയൊ
https://youtu.be/UAzZc83cf1c
Discussion about this post