ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദിക്ക് യുകെയിലേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് മന്ത്രാലയം മറുപടി നല്‍കാത്തത്.
മോദിയ്ക്ക് വിസ അനുവദിക്കാമെന്ന ഡെല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനം എടുത്തത് ആരാണ് എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലുള്ളത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നും നാലു മുതല്‍ ഏഴു വരെയുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശ കാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭ്യമല്ല എന്നുമാണ് മറുപടി. അപേക്ഷപാസ്സപോര്ട്ട് ആന്‍ഡ് വിസ വിഭാഗം കോണ്സുലാര്ക്ക് കൈമാറിയതായും മറുപടിയില്‍ പറയുന്നുണ്ട്.
ഹരിയാന സ്വദേശിയായ റായോ എന്ന വ്യക്തി ജൂണ്‍ 19നാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മാനുഷിക പരിഗണന വച്ചാണ് യാത്രാനുമതി നല്‍കിയത് എങ്കില്‍ താത്കാലിക പാസ്സ്പോര്ച്ചിനു അപേക്ഷ നല്കാന് ലളിത് മോദിയോട് ആവശ്യപ്പെടാതിരുന്നതിന്റെ കാരണവും തിരികെ ഇന്ത്യയിലെത്താനുളള നിബന്ധന നിര്ബന്ധമാക്കാതിരുന്നതിന്റെ കാരണവും അപേക്ഷയില്‍ ആരാഞ്ഞിട്ടുണ്ട്.
മോദിക്ക് താമസിക്കുന്നതിനുള്ള അനുമതി നിഷേധിക്കണമെന്ന് യുകെയോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം.പാസ്സാപോര്ട്ട് റദ്ദാക്കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അനുമതി വിഷയവുമായി ബന്ധപ്പെട്ട് തേടിയിട്ടുണ്ടോ എന്നും വിവരാവകാശ അപേക്ഷയില്‍ ചോദിക്കുന്നു.
Discussion about this post