കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ 258 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുപിന്നാലെ ശ്രീലങ്കയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അറുതിയായില്ല. പലയിടത്തും സംഘര്‍ഷം ശക്തമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ തുടരുന്ന സിംഹള-മുസ്ലിം സംഘര്‍ഷത്തില്‍ ചൊവ്വാഴ്ച ഒരാള്‍ കൊല്ലപ്പെട്ടു. പുറ്റാലം ജില്ലയിലാണ് മുസ്ലിമായ 45കാരന് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ആദ്യമായാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ശ്രീലങ്കയില്‍ ബുധനാഴ്ച രാവിലെവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന് പറഞ്ഞുള്ള മുസ്ലീം കച്ചവടക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വര്‍ഗീയ കലാപം പടരാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീമിനെ ജനക്കൂട്ടം തല്ലിക്കൊന്നതായി ലങ്കന്‍ മന്ത്രി റൗഫ് ഹഖീം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയായ ചിലാവിലെ കുലിയപിട്ടിയ, ഹെട്ടിപ്പോല, ബിന്ഗിരിയ, ദമ്മലസുരിയ എന്നീ ജില്ലകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തെത്തുടര്‍ന്ന് ഈ നാലുജില്ലകളിലേര്പ്പെടുത്തിയ നിരോധനാജ്ഞയാണ് ചൊവ്വാഴ്ച രാജ്യവ്യാപകമാക്കിയത്. മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കുനേരെ വ്യാപക അക്രമം നടക്കുന്നതായി പോലീസ് പറഞ്ഞു. ഹെട്ടിപ്പോലയില് മൂന്നുകടകള്‍ക്ക് സിംഹളര്‍ തീയിട്ടു. മിനുവന്ഗോഡയില് മുസ്ലിംപള്ളിക്കുനേരെയും ആക്രമണമുണ്ടായി. സംഭവങ്ങളുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റുചെയ്തതായും പോലീസ് പറഞ്ഞു.
ലങ്കയില്‍ ബുദ്ധിസ്റ്റുകളുടെ സംഘം മുസ്ലീങ്ങളെ ആക്രമിക്കുകയാണെന്ന് വാള്‍സ് സ്ട്രീറ്റ് പോലുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലീങ്ങള്‍ ലങ്കയില്‍ നിന്ന് പലായനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ആക്രമണത്തിനുപിന്നിലുണ്ടെന്ന് കരുതുന്ന ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ഉള്‍പ്പെടെയുള്ള മൂന്ന് ഇസ്!ലാമിക ഭീകരസംഘടനകളെ നിരോധിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന തിങ്കളാഴ്ച ഉത്തരവിറക്കി. എന്‍.ടി.ജെ.യ്ക്കുപുറമേ ജമാഅത്ത് മിലാഅത്ത് ഇബ്രാഹിം(ജെ.എം.ഐ.), വിലായത്ത് ആസ് സെയ്ലാനി (ഡബ്ല്യു.എ.എസ്.) എന്നീ സംഘടനകളാണ് നിരോധിച്ചത്. ഡ്രോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകളിലൊരാളായ അബ്ദുല്‍ ലത്തീഫ് മുഹമ്മദ് ജമീലിനെ മതമൗലികവാദിയാക്കിമാറ്റിയത് പാക് വംശജനായ പുരോഹിതന് അന്‍ജെം ചൗധരിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. സമ്പന്നകുടുംബത്തില്‍ ജനിച്ച അബ്ദുല്‍ ലത്തീഫ് ലണ്ടനിലെ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന കാലത്ത് അന്ജെമുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു. ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ളതും അപകടകാരിയുമായ മതമൗലികവാദിയായി കരുതപ്പെടുന്നയാളാണ് അന്‍ജെം ചൗധരി.
Discussion about this post