പത്തനംതിട്ടയിൽ മികച്ച വിജയം നേടുമെന്ന് ബിജെപി പാർലമെന്‍റ് മണ്ഡലം നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ ഏതെങ്കിലും ഒരു മുന്നണിക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തത് അനുകൂല ഘടകമായെന്നും തിരുവന്തപുരത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിലാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.
ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്‍റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായർ വോട്ടുകളിൽ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും അനുകൂലമായിട്ടുണ്ട്.
20000 മുതൽ 30000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്‍റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്‍റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാൾ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. ചികിത്സയിൽ അയതിനാല്‍ രണ്ടാം ഘട്ട അവലോകനയോഗത്തിൽ പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പങ്കെടുത്തില്ല.
Discussion about this post