റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കെതിരായ അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്. പ്രളയകാലത്ത് കേരളത്തിന് യു.എ.ഇ 700 കോടി രൂപ വാഗ്ദ്ധാനം ചെയ്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അര്‍ണബ് നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം.
അര്‍ണബിന്റെ പരാമര്‍ശം കേരള ജനതയ്ക്ക് അപമാനകരവും മലയാളികളുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്നതുമാണ് എന്ന് ആരോപിച്ച് സിപിഎം നേതാവ് പി.ശശിയാണ് അര്‍ണബിനെതിരെ അപകീര്‍ത്തി കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്.
മാധ്യമ സ്വാതന്ത്ര്യത്തിനുമേലുളള കടന്നു കയറ്റമല്ല മറിച്ച് ഒരു ജനതയെ മൊത്തം അപമാനിക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അര്‍ണബ് മാപ്പ് പറയണമെന്ന ആവശ്യമാണ് നോട്ടീസില്‍. കൂടാതെ പത്ത് കോടി രൂപ അര്‍ണബ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
ഒരു രാജ്യത്തെ ജനങ്ങളെ വേര്‍ത്തിരിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമായിട്ടാണ് അര്‍ണബിന്റെ പ്രവര്‍ത്തിയെ നോക്കി കാണുന്നതെന്നും നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ അര്‍ണബ് മുഖവിലക്ക് എടുത്തിലെങ്കില്‍ കേസുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും പി.ശശി പറഞ്ഞു.
Discussion about this post