നരേന്ദ്രമോദി മന്ത്രിസഭയിലെ താരരാജാവ് അമിത് ഷായാണ്. കയ്യിലിരിക്കുന്നതോ ആഭ്യന്തരമന്ത്രിസ്ഥാനം. ഭീകരതയുടെ വേരറുക്കാന്‍ പ്രതിജ്ഞാ ബന്ധമായ മോദി സര്‍ക്കാരിന്റെ പടനായകനെന്ന പരിവേഷമാണ് അമിത് ഷായ്ക്ക് ലഭിക്കുന്നത്. പുതിയ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതും അതുകൊണ്ട് തന്നെ അമിത് ഷായ്ക്കാണ്.
ഭീകരത ഇല്ലാതാക്കല്‍, അതിര്‍ത്തി സുരക്ഷ, മാവോയിസ്റ്റ് -ഇസ്ലാമിക ഭീകരതയെ ഉന്മൂലനം ചെയ്യല്‍ തുടങ്ങി വലിയ ദൗത്യമാണ് അമിത് ഷായ്ക്ക് മുമ്പിലുള്ളത്. ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായി തുടക്കമിട്ട അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയാകുമ്പോള്‍ ഉള്ളു വിറക്കുക ഭീകരരുടേതും, അവരെ പിന്തുണക്കുന്നവരുടേതുമാവുക സ്വഭാവികം.
എന്‍കൗണ്ടര്‍ കിംഗ് എന്നൊക്കെയുള്ള വിശേഷണങ്ങളാണ് സോഷ്യല്‍ മീഡിയാ ആരാധകര്‍ അമിത് ഷായ്ക്ക് നല്‍കുന്നത്. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ ഭീകര പ്രസ്ഥാനങ്ങളിലേക്ക് യുവാക്കള്‍ ഏറ്റവും ആകര്‍ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യപ്പെട്ട സംസ്ഥാനം. പ്രണയവിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തി അവരെ ഭീകര സംഘടകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു തുടങ്ങിയ കണ്ടെത്തലുകള്‍ കേരളത്തെ തീവ്രവാദികളുടെ പറുദീസ എന്ന ആക്ഷേപത്തിലേക്ക് തള്ളിവിട്ടിരുന്നു. കൊളംബോയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയ സംഘടനയുമായുള്ള കേരള ബന്ധം പുറത്ത് വന്നിരുന്നു. കൊളംബൊ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ തമിഴ്നാട് ഘടകവുമായി ബന്ധമുള്ള മലയാളി പിടിയിലായിരുന്നു. കേരളത്തിലും ഇയാള്‍ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ച മൊഴി. ഇരുപതിലധികം പേര് കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്ചെയ്യപ്പെട്ടതായി വ്യക്തമായിരുന്നു. ഐഎസ് പല വിദേശരാജ്യങ്ങളിലും നാശത്തിന്റെ വക്കിലെത്തിയതോടെ പലരും കേരളത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
ഐഎസ് തീവ്രവാദികള്‍ കേരളത്തിലേക്ക് എന്ന സൂചനയെ തുടര്‍ന്ന് കേരള തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലെ പല തീവ്രവാദ ഗ്രൂപ്പുകളും ഒളിഞ്ഞും, തെളിഞ്ഞും ഭീകരസംഘടനകളെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ഇതിനിടയിലാണ് കേരളത്തിലെ അവസ്ഥ നേരിട്ടറിയുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയാകുന്നത്. കേരളത്തിലെ സംഭവവികാസങ്ങള്‍ അമിത് ഷാ ഗൗരവത്തിലെടുക്കുമെന്ന് തന്നെയാണ് സൂചനകള്‍. ഭീകരത മുള പൊട്ടുമ്പോഴെ ഇല്ലാതാക്കുക എന്ന കര്‍മ്മ പരിപാടിയാകും അമിത് ഷാ നടപ്പാക്കുക. പ്രീണന രാഷ്ട്രീയത്തിന്റെ പേരില്‍ ഭീകരതയ്ക്ക് നേരെ വരെ കണ്ണടക്കുന്ന നി്ലപാടാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനം അമിത് ഷാ നേരത്തെ നടത്തിയിരുന്നു. ഇത്തരം ഭീകരതയെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യമാകും അമിത് ഷാ എടുക്കുക.
കശ്മീര്‍, ബംഗാള്‍, തമിഴ്നാട്, കര്‍ണാടക, കേരളം എന്നി സംസ്ഥാനങ്ങളിലെ ഭീകരസംഘടനാ സാന്നിധ്യം രാജ്യത്തിന് തന്നെ ഭീഷണിയാണ്. ഇതിനെ അമിത് ഷാ കാര്യക്ഷമമായി തന്നെ നേരിടുമെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര മന്ത്രി എന്ന സ്ഥാനത്തിന്റെ ശക്തി രാജ്യം കാണാന്‍ പോകുന്നേ ഉള്ളു എന്നാണ് സോഷ്യല്‍ മീഡിയയുടെ പുകഴ്ത്തല്‍. എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് ആഭ്യന്തര മന്ത്രിയാവുമ്പോള്‍ രാജ്യവിരുദ്ധരുടെ ഉള്ള് കാളി തുടങ്ങിയെന്നും അവര്‍ പരിഹസിക്കുന്നു. നേരത്തെ കേരളത്തെ ഭീകരതയുടെ നഴ്സറി എന്ന് നരേന്ദ്രമോദി വിശേഷിപ്പിച്ചിരുന്നു. ഐഎസ് റിക്രൂട്ട്മെന്റിന് പിറകെ ഈ നാട് ഭീകരരരുടെ നഴ്സറിയില്ല സര്‍വ്വകലാശാലയായി എന്നായിരുന്നു വിലയിരുത്തല്‍. അമിത് ഷാ ആഭ്യന്തരമന്ത്രിയാകുന്നതോടെ ഭീകരരുടെ സര്‍വ്വകലാശാലയുടെ അടിത്തറ ഇളകുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു.
കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ് ഭീകരതയും, അതിര്‍ത്തി കടന്നുള്ള ഭീകരതയും കര്‍ശനമായി അമിത് ഷാ നേരിടുമെന്നാണ് പ്രതീക്ഷ. ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ എടുത്ത കര്‍ശന നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകള്‍.
Discussion about this post