രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളില്‍ രാജ്യം വലിയ സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക മാറ്റങ്ങളുണ്ടാകും. നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായ രാജീവ് കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യവത്കരണ നീക്കങ്ങള്‍ , തൊഴില്‍ നിയമങ്ങള്‍ , വ്യവസായിക വികസനത്തിനുള്ള ലാന്‍ഡ് ബാങ്കുകളുടെ രൂപീകരണം എന്നിങ്ങനെയുള്ള മേഖലകളിലാണ് വന്‍ വിപ്ലവങ്ങള്‍ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
‘ വിദേശ നിക്ഷേപകര്‍ക്ക് ഏറെ സന്തോഷകരമാകുന്ന കാര്യങ്ങള്‍ ഇതിലുണ്ടാകും . മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും ‘ – രാജീവ് കുമാര്‍ വ്യക്തമാക്കി.
പാര്‍ലിമെന്റിലെ ആദ്യ സമ്മേളനത്തില്‍ തന്നെ ഇന്ത്യയിലെ സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളില്‍ തന്നെ സമഗ്രമായ മാറ്റം കൊണ്ടുവരും. 44ഓളം തൊഴില്‍ നിയമങ്ങള്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴിലാക്കും. ഇത് സങ്കീര്‍ണമായ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികള്‍ക്ക് സഹായകരമാകും. 42 ഓളം പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി സ്വകാര്യവത്കരണം നടത്തുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കുന്നു.
നാല് വര്‍ഷം മുന്‍പ് ആസൂത്രണ കമ്മീഷന് പകരമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിച്ച സംവിധാനമാണ് നീതി അയോഗ്. പ്രധാനമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക നയ രൂപീകരണത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.
Discussion about this post