സുഷമാ സ്വരാജിന്റെ ചുവടുകള്‍ പിന്തുടരാന് സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പുതിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മന്ത്രിസ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശുഭാശംസകള്‍ നേര്‍ന്നതിന് എല്ലാവര്ക്കും നന്ദി. ഈ ഉത്തരവാദിത്തം നല്കപ്പെട്ടതിലൂടെ ഞാന്‍ ബഹുമാനിതനായി. സുഷമാ സ്വരാജിന്റെ ചുവടുകള്‍ പിന്തുടരുന്നതില് അഭിമാനമെന്ന് ജയശങ്കര്‍ ട്വീറ്റില്‍ കുറിച്ചു.
മുന്‍വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കം അപ്രതീക്ഷിതമായിരുന്നുവെങ്കിലും ഇത് ആരെയും അമ്പരപ്പിച്ചിരുന്നില്ല. കാരണം വിദേശകാര്യ നയരൂപവത്കരണത്തിലും അത് നടപ്പാക്കുന്നതിലും ഒന്നാം ടേമില്‍ നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ ആശ്രയിച്ച ഉദ്യോഗസ്ഥനായിരുന്നു ജയ്ശങ്കര്.
വിദേശനയ രൂപവത്കരണത്തിലും തന്ത്രപ്രധാനമായ തീരുമാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകയ്യായാണ് അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. 2001-04 വരെ ചെക്ക് റിപ്പബ്ലിക്കിലും 2009-13 വരെ ചൈനയിലും 2014-15ല്‍ അമേരിക്കയിലും ഇന്ത്യന്‍ സ്ഥാനപതിയായി ജയശങ്കര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ജയശങ്കറുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
Discussion about this post