കാശ്മീരിലെ വിഘടനവാദ നേതാവായ സയ്യിദ് ഗിലാനിയ്ക്കു വേണ്ടി പാകിസ്ഥാനില്‍ നിന്ന് ഹവാലാ ഇടപാടുകാര്‍ വഴി പണമെത്തിയ്ക്കുന്നുണ്ടെന്ന് എന്‍ ഐ എ അന്വേഷണത്തില്‍ തളിഞ്ഞു. പാകിസ്ഥാന് മുസ്ലിം ലീഗിന്റെ ചെയര്‍മാനും സെയ്യിദ് അലി ഗിലാനിയുടെ ആള് പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറിയുമായ മസാറത് അലം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എന്‍ ഐ എ പത്രക്കുറിപ്പില്‍ അറിയിച്ചു
മസാറത് അലത്തിനെയാണ് കാശ്മീരില്‍ ഈയിടെ സുരക്ഷാ സേനകള്‍ക്ക് നേരേ നടക്കുന്ന കല്ലേറാക്രമണത്തിന്റെ സൂത്രധാരനായി കണക്കാക്കുന്നത്. എന്‍ ഐ എ കസ്റ്റഡിയിലായിരുന്ന ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ഹവാലാമാര്ഗ്ഗം വരുന്ന പണം സയ്യിദ് ഗിലാനിയ്ക്കായാണ് കൂടുതലും എത്തുന്നതെന്നും കാശ്മീര്‍ വിഘടനവാദികള്ക്കിടയിലും ഭീകര സംഘടനകള്‍ക്കിടയിലും ഈ പണത്തെച്ചൊല്ലി വഴക്കുകള്‍ പതിവാണെന്നും മസാറത് അലം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ ഐ എ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.
യാസിന് മാലിക്, മസാറത് അലം, ഷബിര്‍ ഷാ എന്നിവരെ ജൂണ്‍ ആദ്യവാരമാണ് എന്‍ ഐ എ ചോദ്യം ചെയ്തു തുടങ്ങിയത്. ഇവരെല്ലാം കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കാശ്മീര്‍ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കാശ്മീര്‍ താഴ്വരയിലെ സാധാരണ ജീവിതത്തിനു ഭംഗം വരുത്താനും അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കാനും പാകിസ്ഥാനിലുള്ള ബിസിനസ്സുകാരില്‍ നിന്നും സയ്യിദ് ഗിലാനിയും കൂട്ടരും പണം പറ്റുന്നുണ്ടെന്നും മസാറാത് അലം സമ്മതിച്ചതായി എന്‍ ഐ എ പത്രക്കുറിപ്പില്‍ പറയുന്നു.
പാക്കിസ്ഥാനില്‍ ഐ എസ് ഐയില്‍ നിന്ന് ലഭിയ്ക്കുന്ന പണം യു എ ഇ വഴി അനേകം വ്യാജ കമ്പനികളുടെ പേരിലാണ് ഇന്ത്യയിലെത്തിയ്ക്കുന്നതെന്ന് എന്‍ ഐ എ അറിയിച്ചു. കാശ്മീരി ബിസിനസ്സുകാരനായ സഹൂര്‍ വതാലിയാണ് ഇങ്ങനെ പണമെത്തിയ്ക്കുന്നതില് പ്രമുഖനെന്ന് എന്‍ ഐ എയ്ക്ക് വിവരം ലഭിച്ചിരുന്നു. സഹൂര്‍ വതാലി ഇപ്പോള്‍ ജയിലിലാണ്. അയാളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.
സഹൂര്‍ അഹമ്മദ് വതാലിയുടെ അക്കൌണ്ടന്റായ ഗുലാം മുഹമ്മദ് വെളിപ്പെടുത്തിയതനുസ്സരിച്ച് സഹൂര്‍ വതാലിയ്ക്ക് പാകിസ്ഥാനില്‍ കഴിയുന്ന അന്താരാഷ്ട്ര ഭീകരവാദി ഹഫിസ് സയിദ് നേരിട്ടാണ് പണം കൊടുത്തു കൊണ്ടിരുന്നത്.
വതാലിയുടെ വകയായ നേഴ്സിങ്ങ് ഹോമുകളും പ്ലൈവുഡ് ഫാക്ടറികളും ഡല്‍ഹിയിലും ഗുരുഗ്രാമിലും വാങ്ങിക്കൂട്ടിയിരിയ്ക്കുന്ന ഏക്കര്‍ കണക്കിനു സ്ഥലവുംഏപ്രില് മാസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തിചെയ്തിരുന്നു.
ഈ പണം സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഇന്ത്യാവിരുദ്ധ പ്രചരണങ്ങള്‍ക്കു ഉപയോഗിച്ചിരുന്നതായി എന്‍ ഐ എ അറിയിച്ചു. കാശ്മീരി ഭീകരവാദികള്‍ക്ക് വേണ്ടി യുഎഇ യില്‍ നിന്ന് ഹവാലാമാര്ഗ്ഗം പണമെത്തിയ്ക്കുന്നതില് മറ്റു സംസ്ഥാനത്തുള്ള സംഘങ്ങള്‍ക്കും പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ പറഞ്ഞു.
Discussion about this post