മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് രാജുനാരായണ സ്വാമിയെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിടാനൊരുങ്ങുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. സര്‍വീസ് കാലാവധി 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം കേരളത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.
എന്നാല്‍ തന്നെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള നീക്കമെന്ന വാര്‍ത്തയോട് പ്രതികരിച്ച രാജു നാരായണ സ്വാമി സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചു. പിരിച്ചുവിടാനുള്ള നീക്കം തന്നോട് ആലോചിക്കാതെയാണെന്നും സര്‍ക്കാര്‍ തന്റെ ജീവിതം വഴിമുട്ടിച്ചുവെന്നും രാജു നാരായണ സ്വാമി തുറന്നടിച്ചു. പിരിച്ചുവിടല്‍ സംബന്ധിച്ച് ഒരു അറിയിപ്പും തനിക്കു കിട്ടിയിട്ടില്ല. കഴിഞ്ഞ നാലു മാസമായി തനിക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും വികാരഭരിതനായാണ് രാജു നാരായണ സ്വാമി സംസാരിച്ചത്. താന്‍ നടത്തിയ അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിന് ലഭിച്ച സമ്മാനമാണ് ഇതെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാര്‍ മുതല്‍ സര്‍ക്കാര്‍ തന്നോട് പ്രതികാരം വീട്ടുകയാണ്. അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ശുപാര്‍ശ നല്കിയ ചീഫ് സെക്രട്ടറി മഹാരാഷ്ട്രാ ഭൂമി കുംഭകോണ കേസിലും കെഎംഎംഎല്‍ അഴിമതിയിലും പ്രതിയായ ആളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post