ഡൽഹി: ബംഗാളിലെ മദ്രസ്സകൾ മതതീവ്രവാദത്തിന്റെ വിളനിലങ്ങളാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പശ്ചിമ ബംഗാളിലെ ബർദ്വാൻ, മുർഷിദാബാദ് ജില്ലകളിലെ ചില മദ്രസ്സകൾ ബംഗ്ലാദേശി ഭീകര സംഘടനയായ ജമാഅത്ത്- ഉൾ- മുജഹിദ്ദീന്റെ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ നേരത്തെ തന്നെ ജമാഅത്ത്- ഉൾ- മുജഹിദ്ദീനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ജമാഅത്ത്- ഉൾ- മുജഹിദ്ദീൻ ബംഗ്ലാദേശ്- പശ്ചിമ ബംഗാൾ അതിർത്തിയിൽ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ലഷ്കർ ഇ ത്വയിബ പോലെയുള്ള പാകിസ്ഥാനി ഭീകരവാദ സംഘടനകളിൽ നിന്ന് ഇവർക്ക് വ്യാപകമായ തോതിൽ സഹായം ലഭിക്കുന്നുണ്ട്. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം അതിർത്തി വഴി വ്യാപകമായി കള്ളനോട്ട് പ്രചരിപ്പിക്കാനും ഇത്തരം സംഘങ്ങൾ ഊർജ്ജിതമായി ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
2014 ഒക്ടോബർ മാസം രണ്ടാം തീയതി ബർദ്വാനിലെ ഒരു വീട്ടിൽ നടന്ന സ്ഫോടനത്തിൽ സാൾകി ഗാസി എന്നൊരാൾ കൊല്ലപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ശരീഅത്ത് ഭരണം സ്ഥാപിക്കാൻ ജമാഅത്ത്- ഉൾ- മുജഹിദ്ദീൻ ശ്രമിച്ചിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. ബോധ ഗയ സ്ഫോടനത്തിന് പിന്നിലും ജമാഅത്ത്- ഉൾ- മുജഹിദ്ദീന്റെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു.
Discussion about this post