ഡൽഹി: ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ സുരക്ഷാ സേന വധിച്ചതിന്റെ വാർഷികമായ ജൂലൈ എട്ടിന് ജമ്മു കശ്മീരിൽ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കി.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനായിരുന്ന ബുർഹാൻ വാനിയെ 2016 ജൂലൈ എട്ടിന് സുരക്ഷാ സേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കശ്മീരിൽ ഭീകരർ കലാപം അഴിച്ചു വിട്ടിരുന്നു. നൂറു കണക്കിന് ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും സൈനികർ ഉൾപ്പെടെ ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പുൽവാമയിൽ സിആർപിഎഫ് അംഗങ്ങളുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ കഴിഞ്ഞ ഫെബ്രുവരി 14നു ഭീകരാക്രമണം ഉണ്ടായിരുന്നു. 40 സിആർപിഎഫുകാരായിരുന്നു അക്രമത്തിൽ അന്നു വീരമൃത്യു വരിച്ചത് .ഇതിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് മറുപടിയായി ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരക്യാമ്പുകൾ തകർക്കപ്പെടുകയും ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യൻ സുരക്ഷാ സേന കശ്മീരിലെ ഭീകര സംഘടനയായ അൻസർ ഗസ്വാത് ഉൾ ഹിന്ദ് തലവൻ സാകിർ മൂസയെ വധിച്ചിരുന്നു. നിരോധിത ഭീകരസംഘടനയായ അൽ ഖ്വയിദ, ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്ഥാപിച്ച സംഘടനയാണ് അൻസർ ഗസ്വാത് ഉൾ ഹിന്ദ്. മെയ് 25ന് നടന്ന ഏറ്റുമുട്ടലിൽ മൂസയെ വധിച്ചതോടൊപ്പം എ കെ-47 തോക്കും റോക്കറ്റ് ലോഞ്ചറും സൈന്യം പിടിച്ചെടുത്തിരുന്നു. ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം സംഘടനയുടെ തലവനായി രംഗപ്രവേശം ചെയ്ത സാക്കിർ മൂസ, ബുർഹാൻ വാനിയുടെ പിൻഗാമിയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇയാളുടെ അന്ത്യം ഭീകരരെ ഞെട്ടലിലും ഭയപ്പാടിലുമാക്കിയിരുന്നു.
2012ൽ ചണ്ഡീഗഢിലെ രാം ദേവ് ജിൻഡാൽ കോളേജിൽ എഞ്ചിനീയറിംഗ് പഠനത്തിന് ചേർന്ന മൂസ പിന്നീട് ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടനായി 2013ൽ പഠനം ഉപേക്ഷിക്കുകയായിരുന്നു.
മൂസയുടെ മരണത്തെ തുടർന്ന് ജൂൺ മാസത്തിൽ അൻസർ ഗസ്വാത് ഉൾ ഹിന്ദ് പുതിയ തലവനെ അവരോധിച്ചിരിക്കുകയാണ്. ഹമീദ് ലെൽഹാരി എന്ന ഈ ഭീകരന്റെ സഹായികളായി ഗാസി ഇബ്രാഹിം ഖാലിദ്, അബു ഉബൈദ ഹാഫിസുള്ള എന്നിവരും രംഗത്തുണ്ട്.
Discussion about this post