ലളിത് മോദി വിവാദം, വ്യാപം കുംഭകോണം തുടങ്ങിയ അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങള്‍ക്കു തടയിടാന്‍ ബിജെപി മാധ്യമ സെല്ലിനു രൂപം നല്കി. ഇതിനു നേതൃത്വം നല്കാന് മീഡിയ മാനേജിങ് സംഘത്തിനു പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്നലെ രൂപം നല്‍കിയിരുന്നു. കേന്ദ്രത്തിലും മധ്യപ്രദേശ് മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന്റെ നിരന്തര ആരോപണങ്ങള്‍ പാര്‍ട്ടി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം.
മുന്‍ മാധ്യമപ്രവര്‍ത്തകനും പാര്‍ട്ടി എംപിയുമായ എംജെ അക്ബറാണ് മാധ്യമ സെല്ലിന്റെ നടത്തിപ്പിനായുള്ള അഞ്ചംഗ സംഘത്തിനു നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ, സിദ്ധാര്‍ത്ഥ് നാഥ് സിങ്, പാര്‍ട്ടി വക്താവ് അനില്‍ ബലൂനി, സുധേഷ് വെര്‍മ്മ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പത്രപ്രവര്‍ത്തകരുമായും മാധ്യമ ഗ്രൂപ്പുകളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിനും അതിലൂടെ പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമാണ് സെല്ലിനു രൂപം നല്‍കിയിരിക്കുന്നത്.അതേസമയം രാഷ്ട്രീയ കാര്യങ്ങളിലെ പ്രതികരണങ്ങളറിയാനുള്ള സംഘത്തിനും അമിത് ഷാ രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ജ്യക്കാണ് ഇതിന്റെ ചുമതല.
Discussion about this post