നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ. ഏറ്റെടുത്തേക്കും. മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കാന്‍ സാധ്യതയുള്ളത്.
കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിയന്ത്രണത്തിലാണ്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ വിജിലന്‍സ് വിഭാഗം സി.ബി.ഐ. ആണ്. അതിനാല്‍ സ്വാഭാവികമായും ഈ കേസ് സി.ബി.ഐ. ഏറ്റെടുക്കേണ്ടി വരും.
അറസ്റ്റിലായ മുന്‍ എമിഗ്രേഷന്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ജാബിന് കെ. ബഷീറിനെ ചുറ്റിപ്പറ്റിയായിരിക്കും കേസ് അന്വേഷിക്കുക. നൗഷാദ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കും അന്വേഷണം നീളും
ജാബിന് അനധികൃതമായി കോടികളുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. പല രാഷ്ട്രീയ ഉന്നതരുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിവുണ്ട്.
ജാബിന്റെ നേതൃത്വത്തില്‍ 1500 കിലോ സ്വര്‍ണം കടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുവഴി കോടികളാണ് സമ്പാദിച്ചിരിക്കുന്നത്. ജാബിനും കുടുംബത്തിനുമായി ഷോപ്പിങ് കോംപ്ലക്സ്, രണ്ട് ആഡംബര കാറുകള്‍, പ്ലാസ്റ്റിക് ഉത്പന്ന വില്പനശാല, ലക്ഷങ്ങള്‍ വില മതിക്കുന്ന രണ്ട് വീടുകള്‍ എന്നിവയെല്ലാമുണ്ട്. ഇവയില്‍ ഒരു വീട് ഒഴികെ മറ്റെല്ലാം ഒന്നര വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കിയതാണ്. ഇതുള്‍പ്പടെ എല്ലാ വിവരങ്ങളും അന്വേഷിക്കും.
ജാബിന് കെ. ബഷീറിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടേഷന് തരപ്പെടുത്തിയ രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുമെന്നാണ് അറിയുന്നത്. ഇതോടെ ഭരണകക്ഷിയിലെ പല പ്രമുഖരുടെയും പേരുകള്‍ ഈ പട്ടികയില്‍ ഉണ്ട്. തില ജനപ്രതിനിധികളിലേക്കും അന്വേഷണം നീളും.
Discussion about this post