ഡി.എം.കെ. നേതാവും തിരുനെൽവേലി കോർപറേഷൻ മുൻ മേയറുമായ ഉമാ മഹേശ്വരി(65)യും ഭർത്താവും വേലക്കാരിയും കൊല്ലപ്പെട്ടു. ഭർത്താവ് മുരുഗശങ്കരൻ (74), വേലക്കാരി മാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടിൽവെച്ചാണ് പട്ടാപ്പകല്‍ കൂട്ടകൊലപാതകം നടന്നത്.
തിരുനെൽവേലി കോർപറേഷന്‍റെ ആദ്യ മേയറാണ് (1996-2001) ഉമാ മഹേശ്വരി. 2011ൽ ശങ്കരൻകോവിൽ സീറ്റിൽ ഡി.എം.കെ ടിക്കറ്റിൽ നിന്ന് നിയമസഭയിലേക്ക് മൽസരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എൻജിനീയറായിരുന്നു മുരുഗശങ്കരൻ.
മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ കബോർഡ് തുറന്ന നിലയിലാണെന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.അതേസമയം ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
എല്ലാ തലത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുണ്ടെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വീടിനടുത്ത് തമാസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് അറിയിച്ചു.
Discussion about this post