അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും കൊലപാതകകേസിലെ ഒന്നാം പ്രതിയായ അഖിലും വിവാഹിതരായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15ന് ഇരുവരുടെയും വീട്ടുകാരറിയാതെ എറണാകുളത്തുള്ള ക്ഷേത്രത്തില്‍വച്ചാണ് താലികെട്ടിയത്. പിന്നീട് അഖിലിന് അണ്ടൂര്‍കോണത്തുള്ള പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചത് രാഖി അറിഞ്ഞതും ബന്ധത്തെ എതിര്‍ത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്ട്ട്.
കൊലപാതകത്തില്‍ പട്ടാളക്കാരനായ അഖില്‍ ഒന്നാം പ്രതിയും സഹോദരന്‍ രാഹുല്‍ രണ്ടാംപ്രതിയും സുഹൃത്ത് ആദര്‍ശ് മൂന്നാം പ്രതിയുമാണ്. ആദര്‍ശ് ഇപ്പോള്‍ റിമാന്‍ഡിലാണ്. മറ്റുള്ളവര്‍ ഒളിവിലും. അഖിലും സഹോദരനുമാണ് രാഖിമോളെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്നതെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹായിയായി ആദര്‍ശ് ഒപ്പമുണ്ടായിരുന്നു. രാഖിയെ സ്നേഹം നടച്ച് അഖില്‍ അമ്പൂരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അഖിലാണ് നെയ്യാറ്റിന്‍കരയില്‍നിന്ന് കാറില്‍ രാഖിമോളെ അമ്പൂരിയിലെ വീട്ടിലെത്തിച്ചത്. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ടെടി’ എന്ന് ആക്രോശിച്ചു കൊണ്ട്് അഖിലിന്റെ സഹോദരന്‍ രാഹുലാണ് ആദ്യം രാഖിമോളെ കാറിനുള്ളില്‍ വച്ച് ശ്വാസം മുട്ടിച്ചത്. പിന്നീട് അഖില്‍ കാറിന്റെ പിന്‍സീറ്റിലേക്ക് വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി. സഹോദരങ്ങള്‍ ഇരുവരും ചേര്‍ന്നു കയര്‍ മുറുക്കി കൊന്നശേഷം നേരത്തെ തയാറാക്കിയ കുഴിയില്‍ രാഖിയെ മൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post