കാസര്‍കോട് ഐ.എസ് കേസിലെ മുഖ്യപ്രതി അബ്ദുല്‍ റാഷിദ് അബ്ദുല്ല മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കൊച്ചി എന്‍.ഐ.എ കൊച്ചി യൂണിറ്റ് .അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. അബ്ദുല്‍ റാഷിദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ യു.എസ് വ്യോമാക്രമണത്തില്‍ ഇയാള്‍ അടക്കം ഒമ്പത് ഇന്ത്യക്കാര്‍ കൊല്ലപ്പൈട്ടന്ന് മാസങ്ങള്‍ക്കുമുമ്പ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും എന്‍.ഐ.എ എറണാകുളം പ്രത്യേക കോടതിയെ അറിയിച്ചു. ഇയാള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
ഐ.എസുമായി ബന്ധമുള്ള ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളില്‍നിന്നാണ് നാല് കുട്ടികളും റാഷിദ് അടക്കം മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അഫ്ഗാനില്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ അടക്കം അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധപ്പെട്ടെങ്കിലും അബ്ദുള്‍ റാഷിദിന്റെ മരണം സ്ഥിരീകരിക്കാന്‍ ഒരു വിവരവും ലഭിച്ചില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. മരണം നിരാകരിച്ചുള്ള എന്‍.ഐ.എയുടെ മറുപടി അംഗീകരിച്ച കോടതി ഇനി ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.
2016 മേയ്-ജൂണ്‍ മാസങ്ങളിലാണ് അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര് കേരളം വിട്ടത്. ഇയാളുടെ ഭാര്യ ആയിഷ എന്ന സോണിയ സെബാസ്റ്റ്യനും ഇതിലുള്‍പ്പെട്ടിരുന്നു. രാജ്യം വിട്ടശേഷം ഇയാളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സമൂഹമാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടിരുന്നു. ഐ.എസുമായി ബന്ധപ്പെട്ട ആശയമുള്പ്പെടുത്തിയ നിരവധി ക്ലിപ്പുകളും ഇയാള്‍ അയച്ചിരുന്നു. എന്നാല്‍, മാസങ്ങളായി ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതിനിടെയാണ് മരണവാര്‍ത്തയും പ്രചരിച്ചത്.
Discussion about this post