ഒരാഴ്ചത്തെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ പാർട്ടി നേതാക്കള്‍ക്കു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടിക്കൊരുങ്ങി സിപിഎം. ഇതിനായി 18 മുതല്‍ 23 വരെ നേതൃയോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ കേരളത്തിലെ ഓരോ വീടിനും പാര്‍ട്ടിയോട് അടുപ്പം ഉണ്ടാക്കാനും രാഷ്ട്രീയമായി നിരീക്ഷിക്കാനും ചുമതലക്കാരനെ നിശ്ചയിച്ചിരുന്നു.
ആദ്യ മൂന്നുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള മൂന്നുദിവസം സംസ്ഥാന സമിതി യോഗവുമാണു ചേരുക. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഗൃഹസന്ദര്‍ശനത്തിലുണ്ടായ അനുഭവങ്ങളും ജില്ലാഘടകത്തിന്റെ റിപ്പോര്‍ട്ടും കണക്കിലെടുത്തുള്ള തിരുത്തല്‍ നടപടിക്കാകും സംസ്ഥാനസമിതി നടത്തുക.
ശബരിമല വിഷയത്തിലുൾപ്പെടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും സമീപനം പാർട്ടി അനുഭാവികളിലടക്കം തെറ്റിദ്ധാരണ ശക്തമാക്കിയെന്നാണ് ഗൃഹസന്ദർശനം പൂർത്തിയാക്കിയപ്പോൾ നേതൃത്വത്തിനുണ്ടായിട്ടുള്ള അനുഭവം. പലരും വിമർശനം കടുപ്പിച്ച് തന്നെ നേതാക്കളോട് പ്രകടമാക്കി.
ഗൃഹസന്ദര്‍ശനത്തിലെ വിവരങ്ങളുടെ ബ്രാഞ്ചുതല അന്വേഷണ റിപ്പോര്‍ട്ടിന് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും റിപ്പോര്‍ട്ടുകള്‍ അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കും. ഈ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമാണ് ജില്ലാഘടകം സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ടത്. 14 ജില്ലാ റിപ്പോര്‍ട്ടുകളും ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഇത് സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
Discussion about this post