ഡൽഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ ഇന്ത്യക്ക് വ്യത്യസ്തമായ രീതിയിൽ ആശംസകൾ നേർന്ന് ഇസ്രായേൽ. ‘ ഇന്ത്യക്ക് സൗഹൃദ ദിനാശംസകൾ. നമ്മുടെ അനുദിനം ശക്തിപ്പെട്ട് വരുന്ന സൗഹൃദവും ഉയരുന്ന പങ്കാളിത്തവും പുതിയ മാനങ്ങൾ തേടട്ടെ.’ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതികാര്യാലയം ട്വീറ്റ് ചെയ്തു.
ട്വീറ്റിനൊപ്പം ഒരു വീഡിയോയും ഇസ്രായേൽ പങ്കു വെച്ചിട്ടുണ്ട്. അതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം സൗഹൃദം പങ്കിടുന്നതിന്റെയും ഹസ്തദാനം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തലത്തിൽ ഷോലെ എന്ന ഹിന്ദി ചിത്രത്തിലെ ‘യേ ദോസ്തി, ഹം നഹി തോഡേംഗെ’ എന്ന ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സൗഹൃദം ഞങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല എന്നതാണ് വിവർത്തനം.
https://twitter.com/IsraelinIndia/status/1157853112251498498
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയും ഇസ്രായേലും തമ്മിൽ സാമ്പത്തിക സൈനിക നയതന്ത്ര മേഖലകളിൽ ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലേറിയപ്പോൾ ആദ്യം ആശംസാ സന്ദേശം അയച്ചത് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവായിരുന്നു. മോദിയുടേത് മികച്ച വിജയമാണെന്നും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ അദ്ദേഹത്തിന്റെ വിജയം സഹായിക്കുമെന്നും നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.
നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ അറിയിച്ചിരുന്നു. പ്രിയ സുഹൃത്ത് ബിബി എന്നാണ് മോദി നെതന്യാഹുവിനെ സംബോധന ചെയ്തത്.
ഏറ്റവും കൂടുതൽ കാലം ഇസ്രായേൽ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന വ്യക്തിയായ നെതന്യാഹു അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു.
Discussion about this post