ശ്രീനഗർ: കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. വിവിധ സേനവിഭാഗങ്ങളുമായും കശ്മീർ ഗവർണ്ണറുമായും സർവ്വോപരി അവിടുത്തെ ജനങ്ങളുമായും ആശയവിനിമയം നടത്തിയ ശേഷമാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതിനെതിരെ ആരോപണങ്ങളുമായി കോൺഗ്രസ്സ് രംഗത്തെത്തി. ബിജെപി കശ്മീരിലെ ജനങ്ങൾക്ക് പണം കൊടുത്ത് ഒതുക്കിയതാണെന്നാണ് കോൺഗ്രസ്സ് ആരോപിച്ചത്. കോൺഗ്രസ്സിന്റെ ഈ ആരോപണത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. കശ്മീരികളെക്കുറിച്ച് പാകിസ്ഥാൻ പോലും പറയാത്ത ആരോപണമാണ് കോൺഗ്രസ്സ് ഉന്നയിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.
പാകിസ്ഥാന്റെ ഭാഷയിലാണ് കോൺഗ്രസ്സ് സംസാരിക്കുന്നത്. ഇത്തരം പ്രസ്താവനകൾ പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ ദുരുപയോഗം ചെയ്യും. കോൺഗ്രസ്സ് മാപ്പ് പറഞ്ഞേ മതിയാകൂ. കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ ബിജെപി വക്താവ് സംബിത് പത്രയും ശക്തമായി പ്രതികരിച്ചു. അഴിമതിയും പണക്കൊതിയും കോൺഗ്രസ്സിന്റെ പാരമ്പര്യമാണ്.കഴിഞ്ഞ എഴുപത് വർഷമായി കശ്മീരിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന കോൺഗ്രസ്സ്, പ്രശ്നം പരിഹരിക്കപ്പെട്ടപ്പോൾ സാഹചര്യം വഷളാക്കാൻ ശ്രമിക്കുകയാണ്. എപ്പോഴൊക്കെ ഇന്ത്യയെ ഏകീകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ പാകിസ്ഥാനും കോൺഗ്രസ്സും പരസ്പരം സഹകരിച്ച് അതിന് തുരങ്കം വെക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇനി അത് നടപ്പില്ല. ജനപിന്തുണയും നട്ടെല്ലുമുള്ള ഒരു ഭരണകൂടമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. അതു കൊണ്ട് ഗുലാം നബി ആസാദും കോൺഗ്രസ്സും എത്രയും പെടട്ടെന്ന് മാപ്പ് പറയേണ്ടതാണ്. അദ്ദേഹം ആവശ്യപ്പെട്ടു.
‘ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത ശേഷം കശ്മീർ ശാന്തമാണ്. ഗുലാം നബി ആസാദ് കശ്മീരികളുടെ വ്യക്തിത്വം ചോദ്യം ചെയ്തിരിക്കുകയാണ്. കശ്മീരിൽ കോൺഗ്രസ്സ് പ്രതീക്ഷിച്ച അക്രമം നടക്കാത്തതിൽ അവർ ക്ഷുഭിതരാണ്. കോൺഗ്രസ്സും വിഘടനവാദികളുമാണ് കശ്മീരിനെ നശിപ്പിക്കുന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കവീന്ദ്ര ഗുപ്ത പറഞ്ഞു.
കശ്മീർ ശാന്തമാണെന്നതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ അജിത് ഡോവൽ പുറത്ത് വിട്ടപ്പോഴാണ് ഗുലാം നബി ആസാദ് വിവാദ പരാമർശം നടത്തിയത്. പണം കൊടുത്താൽ ആരും എന്തും പറയുമെന്നായിരുന്നു ആസാദിന്റെ പരാമർശം. ഗുലാം നബി ആസാദിന്റ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കശ്മീരികൾക്ക് കോൺഗ്രസ്സ് പാരമ്പര്യമാണെന്ന് ആസാദ് തെറ്റിദ്ധരിക്കരുതെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
Discussion about this post