ഡൽഹി: ദേശീയ പാർട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ പൊതുതിരഞ്ഞെടുപ്പിൽ ലഭിക്കാത്തതിനാൽ സി.പി.ഐയുടെയും എൻ.സി.പിയുടെയും പദവി ഉടൻ നഷ്ടപ്പെട്ടേക്കും. ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ കാണിക്കാനായി ജൂലായ് 18നാണ് ഈ പാർട്ടികൾക്ക് കമ്മിഷൻ നോട്ടീസ് നൽകിയത്. ആഗസ്ത് 5 വരെയാണ് നോട്ടീസിന് മറുപടി നൽകാൻ കമ്മീഷൻ സമയം നൽകിയിരുന്നത്. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് ഒരുങ്ങുന്നത്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് ലോക്സഭയിൽ ആകെ രണ്ട് അംഗങ്ങളെ മാത്രമാണ് ലഭിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ളവരാണ് ആ അംഗങ്ങൾ. ഇലക്ഷൻ കമ്മീഷന്റെ 1968ലെ ഉത്തരവ് പ്രകാരം ദേശീയ പാർട്ടി പദവിക്കായി നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ആറ് ശതമാനത്തിലധികം വോട്ട് നേടണം. അതല്ലെങ്കിൽ ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ സീറ്റിന്റെ രണ്ടു ശതമാനം സീറ്റ് നേടിയിരിക്കണം. അതുമല്ലെങ്കിൽ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി അംഗീകാരം കിട്ടിയാലും ദേശീയ പാർട്ടി പദവി നേടാം.
ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടികളിലൊന്നാണ് തങ്ങളുടേതെന്നും തങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നെന്നും ഇതു ചൂണ്ടിക്കാട്ടി അംഗീകാരം റദ്ദാക്കരുതെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. എന്നാൽ ഇത് എത്രകണ്ട് ഫലവത്താകുമെന്ന് പറയാൻ സാധിക്കില്ല. നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സിപിഐക്ക് ഇളവ് നൽകിയാൽ ഇതേ അവസ്ഥയിലുള്ള എൻ സി പിയും തൃണമൂൽ കോൺഗ്രസ്സും ബി എസ് പിയും മറ്റെന്തെങ്കിലും വാദവുമായി വന്നേക്കാം. അത് തെറ്റായ കീഴ്വഴക്കമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇളവ് നൽകാനുള്ള സാദ്ധ്യത വിരളമാണ്.
Discussion about this post