കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ. റഹിം ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് വെട്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. 3,44,744 രൂപ ഗവേഷണത്തിന്റെ പേരില്‍ സര്‍വകലാശാലയില്‍ നിന്ന് റഹിം കൈപറ്റിയിരുന്നു. എന്നാല്‍ 2017ല്‍ ഗവേഷണം അവസാനിപ്പിച്ചിട്ടും ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ഇസ്ലാമിക് പഠന വിഭാഗത്തിലേക്ക് 2010 മെയ് നാലിനാണ് മുഴുവന്‍ സമയ ഗവേഷണ വിദ്യാര്ഥിയായിറഹിം രജിസ്റ്റര്‍ ചെയ്തത്. ‘ആധുനിക വിദ്യാഭ്യാസവും, അച്ചടി മാധ്യമങ്ങളും കേരളത്തിലെ മുസ്ലിം നവീകരണവും’ എന്നതായിരുന്നു വിഷയം.
അഞ്ച് വര്‍ഷമാണ് ഗവേഷണകാലമെങ്കിലും മൂന്നു വര്‍ഷത്തില്‍ ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിക്കണം. അതിന് കഴിയാത്തവര്‍ക്കാണ് രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കുക. 2013ല്‍ അവസാനിപ്പിക്കേണ്ട ഗവേഷണം 2015 റഹിമിന് മെയ് നാലുവരെ നീട്ടിനല്‍കി. അഞ്ച് വര്‍ഷം അവസാനിച്ചിട്ടും ഗവേഷണം എങ്ങും എത്താതെ വന്നതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 2017 മെയ് വരെ രണ്ട് വര്‍ഷം കൂടി നേടി. മൂന്നര വര്‍ഷത്തേക്കാണ് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ്. ഇതനുസരിച്ച് 2010 മെയ് നാലുമുതല്‍ 2013 നവംബര്‍ രണ്ട് വരെയുള്ള ഫെലോഷിപ്പ് തുകയായ 3,44,744 രൂപ എ.എ. റഹിം കൈപ്പറ്റി. എന്നാല്‍, 2017 മെയ് മൂന്നിന് ഗവേഷണകാലം അവസാനിപ്പിച്ചപ്പോള്‍ ഗവേഷണ പ്രബന്ധം സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും എ.എ. റഹിം ഇപ്പോള്‍ ഗവേഷണ വിദ്യാര്‍ത്ഥി അല്ലെന്നും 2018 ഡിസംബര്‍ 27ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം ഹാജര്‍ ഉണ്ടെങ്കിലേ ഫെലോഷിപ്പ് നല്‍കാവൂ. എന്നാല്‍, ഈ കാലത്താണ് റഹിം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ മത്സരിക്കുന്നത്. 2014ലെ ലോക്സഭാ തെരെഞ്ഞെടുപ്പിന് സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നതും ഗവേഷണ സമയത്താണ്. തെരഞ്ഞെടുപ്പ് സമയത്തെ ഹാജര്‍ എങ്ങനെ ലഭിച്ചുവെന്ന ചോദ്യം ഇപ്പോഴും സര്‍വകലാശാല ഫയലുകളില്‍ മൂടിക്കിടക്കുകയാണ്. ഹാജരില്ലാത്ത ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഫെല്ലോഷിപ്പ് ലഭ്യമാക്കി എന്ന് മാത്രമല്ല 3.44 ലക്ഷം രൂപ ഫെല്ലോഷിപ്പ് കൈപ്പറ്റിയിട്ട് ഗവേഷണം നടത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post