കശ്മീരിലെ പാകിസ്ഥാന്റെ അനാവശ്യ കൈകടത്തലിന് കാരണം ജവഹർലാൽ നെഹ്രുവിന്റെ വികലമായ നയങ്ങളായിരുന്നുവെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ ഇപ്പോൾ കശ്മീരിൽ സ്വീകരിച്ചിരിക്കുന്ന നയം രാഷ്ട്രത്തെ ഏകീകരിക്കുന്നതാണെന്നും ചൗഹാൻ വ്യക്തമാക്കി. കശ്മീരിലെ പാകിസ്ഥാൻ അധിനിവേശ സേനയെ ഇന്ത്യൻ സൈന്യം വിജയകരമായി തുരത്തിയോടിക്കവെയാണ് നെഹ്രു വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന് തിരിച്ചടിക്കാൻ അവസരം കിട്ടിയതു കൊണ്ടാണ് പാക് അധീന കശ്മീർ രൂപീകരിക്കാൻ പാകിസ്ഥാന് സാധിച്ചത്. കുറച്ച് ദിവസങ്ങൾ കൂടി നെഹ്രു കാത്തിരുന്നുവെങ്കിൽ പാകിസ്ഥാൻ അന്നേ പത്തി മടക്കുമായിരുന്നു. ചൗഹാൻ പറഞ്ഞു.
ആർട്ടിക്കിൾ 370 ഏർപ്പെടുത്തിയത് നെഹ്രുവിന്റെ അടുത്ത മണ്ടത്തരമായിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ ഏർപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണ്. നെഹ്രുവിന്റെ അനീതിയാണ് ഇവിടെ ഇന്ത്യക്ക് തിരിച്ചടിയായത്. ശിവരാജ്സിംഗ് ചൗഹാൻ ചൂണ്ടിക്കാട്ടി.
അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ നെഹ്രുവിന്റെ ചരിത്രപരമായ വിഡ്ഢിത്തം തിരുത്താനുള്ള അവസരമാണ് കേന്ദ്രസർക്കാർ വിനിയോഗിച്ചതെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.
അനുച്ഛേദം 370 റദ്ദാക്കുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നെഹ്രുവിന്റെ നയങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. നെഹ്രുവിന്റെ തെറ്റായ തീരുമാനങ്ങളായിരുന്നു കശ്മീരിന്റെ അധോഗതിക്കും ദാരിദ്ര്യത്തിനും വികസനമുരടിപ്പിനും കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post