‘താന്‍ ചെയ്തത് ഒരു ധീരപ്രവൃത്തിയായിരുന്നോ അല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ആംബുലന്‍സ് ഡ്രൈവറെ സഹായിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.’ പ്രളയജലത്തിലൂടെ വഴിയറിയാതെ പെട്ടു പോയആംബുലന്സിന് വഴി കാണിച്ചു കൊടുത്ത ആ കൊച്ചു മിടുക്കന്റെ വാക്കുകളെ അഭിനന്ദിക്കുകയാണ് സൈബര്‍ലോകം.
വ്യക്തമായ സ്ഥലമോ കുട്ടിയുടെ പേരോ ഇല്ലാതെ സാമൂഹികമാധ്യമങ്ങളില്‍ ആ വീഡിയോ പ്രചരിച്ചു. നിരവധിപേര്‍ അവന്റെ ധീരതയെ അഭിനന്ദിച്ചു. പക്ഷേ, അവന് ആരാണെന്ന വിവരം മാത്രം ഇത്രയുംദിവസം ആര്‍ക്കുമറിയില്ലായിരുന്നു. ഒടുവിലിതാ ആ ധീരനായ ബാലനെ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കില്‍ ഹിരേരായനകുമ്പി ഗ്രാമത്തിലെ വെങ്കടേഷ് എന്ന 12 വയസ്സുകാരനാണ് ആ ധീരന്. പാലം വെള്ളത്തില്‍ മുങ്ങിയിട്ടും ആംബുലന്‍സിന് വഴികാണിക്കാനായി പാലത്തിന് മുകളിലൂടെ ഓടിയ അവന് താന്‍ ചെയ്തത് വലിയ കാര്യമാണെന്നൊന്നും തോന്നുന്നില്ല. ആ സമയത്ത് ഡ്രൈവറെ സഹായിക്കണമെന്നത് മാത്രമായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്നാണ് വെങ്കടേഷ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
Remember this video of little brave heart? TNIE correspondent @Ramkrishna_TNIE traced him.
Ambulance driver asked me whether there was a way to go into the stream & if he could drive ambulance on bridge. I showed the way" he tells @santwana99 @gsvasu_TNIE https://t.co/botu1gTGxI pic.twitter.com/vsII8qSc58— TNIE Karnataka (@XpressBengaluru) August 13, 2019
മച്ചനൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കുട്ടികളുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് വെങ്കടേഷ് വഴികാട്ടിയായത്. ഒരു സ്ത്രീയുടെ മൃതദേഹവും ആംബുലന്‍സിലുണ്ടായിരുന്നു. നദിയില്‍ വെള്ളം കൂടി പാലം മൂടിയനിലയിലായിരുന്നു. ഇതുകണ്ടതോടെ ആംബുലന്‍സ് ഡ്രൈവര്‍ മഞ്ജു ഒന്നു പകച്ചു. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വെങ്കടേഷിനോടും സുഹൃത്തുക്കളോടും സഹായംതേടി. വഴി എങ്ങനെയാണെന്ന് പറഞ്ഞുതരാനാണ് മഞ്ജു ആവശ്യപ്പെട്ടതെങ്കിലും വെങ്കടേഷ് അത് കൃത്യമായി കാണിച്ചുകൊടുക്കുകയായിരുന്നു.
തന്നെ പിന്തുടരാന് ഡ്രൈവറോട് ആവശ്യപ്പെട്ട വെങ്കടേഷ് പാലത്തിന് മുകളിലൂടെ ആദ്യം ഓടി. തൊട്ടുപിന്നാലെ വെങ്കടേഷ് കാണിച്ചുതന്ന വഴിയിലൂടെ ആംബുലന്‍സും പാലം കടന്നു. പാലത്തിലൂടെ നടക്കുന്നതുപോലും അപകടകരമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും അതൊന്നും വകവെയ്ക്കാതെയാണ് വെങ്കടേഷ് ആംബുലന്‍സിന് വഴികാട്ടിയായത്.
ഹിരേരായനകുമ്പിയിലെ ദരിദ്ര കര്‍ഷകനായ ദേവപ്പയാണ് വെങ്കടേഷിന്റെ പിതാവ്. മകന്റെ ധീരതയില്‍ പിതാവിനും അഭിമാനം മാത്രം. എന്തായാലും ഇത്തവണത്തെ ധീരതയ്ക്കുള്ള പുരസ്കാരത്തിന് വെങ്കടേഷിന്റെ പേരും നിര്‍ദേശിക്കാനാണ് റായ്ച്ചുര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അത് അവന് അര്‍ഹിക്കുന്നത് തന്നെയാണെന്ന് ഉദ്യോഗസ്ഥരും ഉറച്ചുപറയുന്നു.
Discussion about this post