മനു എറണാകുളം ( നിലപാട് )
ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ല എന്ന് മനസ്സിലാക്കുന്ന ജനങ്ങളുടെ വികാരം അറിയാതെയെങ്കിലും ‘ജനാധിപത്യവിരുദ്ധമായി’ പ്രതികരിക്കുന്നതാണ് നമ്മള് കാണുന്നത്. ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ ആദര്‍ശനിഷ്ഠമായി നിറവേറ്റുന്ന മാതൃക ഉദ്യോഗസ്ഥനാണ് മലയാളത്തിന് ഋഷിരാജ് സിംഗ്. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ ഉദ്യോഗസ്ഥ സിങ്കം..ഒരു പക്ഷേ ഏത് മന്ത്രിയേക്കാള്‍ ജനങ്ങള്‍ക്ക് സ്വീകാര്യനാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥന് എന്നര്‍ത്ഥം.
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മന്ത്രിമാരെ സല്യൂട്ട് ചെയ്യാതെയിരിക്കുന്ന ഋഷിരാജ് സിംഗുമാര്‍ക്ക് കയ്യടി കിട്ടുന്നു. വേദിയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിംഗ് സല്യൂട്ട് ചെയ്യാതെ അപമാനിച്ചുവെന്ന വിവാദത്തില്‍ സോഷ്യല്‍ മീഡിയകളിലും മറ്റും നടക്കുന്ന ഭൂരിപക്ഷം പ്രതികരണങ്ങളും ചര്‍ച്ചകളും ഏതാണ്ട് ജനാധിപത്യത്തിന്റെ മൂല്യ ശോഷണത്തിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്.
പോലിസുകാരനെ രണ്ട് തെറിവിളിച്ചാല്‍ കയ്യടി നേടുന്ന സിനിമ നായകന്റെ സ്ഥാനത്ത്..രാഷ്ട്രീയ നേതാവിന് നേരെ തന്നെ കയ്യോങ്ങുന്ന ആക്രോശിക്കുന്ന നായകന്മാരെ വരവേറ്റ സുരേഷ് ഗോപി സിനിമകാലത്തിന്റെ ഹാംഗ് ഓവര്‍ തന്നെയാണ് ഋഷിരാജ് സിംഗ് വിവാദത്തിലും ചെറിയ വകഭേദത്തോടെ ആവിഷക്കരിക്കപ്പെടുന്നത്. ഇവനെയൊക്കെ ബഹുമാനിക്കണോ എന്ന ചിന്തിക്കുന്ന ഉദ്യോഗസ്ഥന്റെ ധാര്ഷ്ട്യമായല്ല…ഇവനെയൊക്കോ ബഹുമാനിക്കാതെയിരിക്കുന്ന ആദര്‍ശധീരതയ്ക്ക് വേണം കയ്യടി എന്നാണ് ജനപക്ഷം. ജനങ്ങളുടെ ഇത്തരം പ്രതികരണങ്ങളെ ജനാധിപത്യവിരുദ്ധമെന്ന് അടച്ചാപേക്ഷിയ്ക്കാതെ എന്ത് കൊണ്ടിത് സംഭവിക്കുന്നുവെന്ന് തിരിച്ചറിയുകയാകും ജനാധിപത്യ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത്.
ഋഷിരാജ് സിംഗ് എന്ന ബിക്കാനിര്‍ രാജകുമാരന് യൂണിഫോമിലിരിക്കെ ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിയെ പ്രോട്ടോക്കോള്‍ പ്രകാരം ബഹുമാനിക്കാതിരുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അനാദരവ് കാണിച്ച എഡിജിപിയ്ക്കെതിരെ നടപടി വേണമെന്നതും ജനാധിപത്യ സംവിധാനത്തില്‍ ഒഴിവാക്കനാവാത്തതാണ്. ജനപ്രതിനിധികളും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള ശീതയുദ്ധത്തിന് തുടക്കം കുറിക്കാനൊന്നും ഈ സംഭവം പോകുന്നില്ല. നടപടി ഉണ്ടാകുമെന്ന് ഡിജിപി സെന്‍കുമാറും സൂചന നല്കി കഴിഞ്ഞു.
അതെല്ലാം അതിന്റെ വഴിയ്ക്ക് നടക്കട്ടേ..പക്ഷേ ഒരു ഉദ്യോഗസ്ഥന് താനുള്‍പ്പെടുന്ന ഭരണസംവിധാനത്തിന്റെ തലപ്പത്തുള്ളയാളെ ബഹുമാനിക്കാതിരുന്നത് ആഘോഷിക്കപ്പെടുന്നുവെന്നത് തന്നെയാണ് വിവാദത്തിനിടെ ചര്‍ച്ച ചെയ്യേണ്ടത്. അത്തരം ആഘോഷങ്ങളില്‍ ഭാഗഭാക്കായവരെ വെറും ജനാധിപത്യ വിരുദ്ധര്‍ എന്ന നിലയില്‍ മാറ്റി നിര്‍ത്താന്‍ എളുപ്പമാണ്.പക്ഷേ അതുകൊണ്ടു തീരില്ല ആഘോഷങ്ങള്‍ക്ക് പിന്നിലെ ജനകീയ പിന്തുണയും താല്പര്യവും ഉയര്‍ത്തുന്ന വിഷയങ്ങള്‍. പത്താം ക്ലാസ് പാസാവാത്ത ജനപ്രതിനിധിയുടെ ആജ്ഞയെ ഉന്നത വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥര്‍ നാവനക്കാതെ അനുസരിക്കേണ്ടി വരുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയല്ല. ജനാധികാരത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. മന്ത്രിയെ ബഹുമാനിക്കുമ്പോള്‍ അയാളെ തെരഞ്ഞെടുത്ത ജനങ്ങളെയാണ് ആദരിക്കുന്നത്. ഇതെല്ലാം ഇങ്ങനെയിരിക്കെ എന്തു കൊണ്ടാണ് ഋഷിരാജ് സിംഗിനെ പോലുള്ള രു ഉദ്യോഗസ്ഥന്റെ നടപടിയ്ക്ക് സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റും വലിയ ജന പിന്തുണ ലഭിച്ചത്…?
ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ല എന്ന് മനസ്സിലാക്കുന്ന ജനങ്ങളുടെ വികാരം അറിയാതെയെങ്കിലും ‘ജനാധിപത്യവിരുദ്ധമായി’ പ്രതികരിക്കുന്നതാണ് നമ്മള് കാണുന്നത്. ഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ ആദര്‍ശനിഷ്ഠമായി നിറവേറ്റുന്ന മാതൃക ഉദ്യോഗസ്ഥനാണ് മലയാളത്തിന് ഋഷിരാജ് സിംഗ്. സോഷ്യല്‍ മീഡിയ ഭാഷയില്‍ പറഞ്ഞാല്‍ ഉദ്യോഗസ്ഥ സിങ്കം..ഒരു പക്ഷേ ഏത് മന്ത്രിയേക്കാള്‍ ജനങ്ങള്‍ക്ക് സ്വീകാര്യനാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥന് എന്നര്‍ത്ഥം.
മന്ത്രിയെ എടുത്തിട്ടടിക്കുന്ന മലയാള സിനിമയിലെ നായക കഥാപാത്രത്തിന് കിട്ടുന്ന കയ്യടി ഋഷിരാജ് സിംഗിന് ജനങ്ങള്‍ നല്കുന്നുവെങ്കില് അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ ജനപ്രതിനിധികള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നതിന്റെ അനന്തരഫലം കൂടിയാണിത്.
ഋഷിരാജ് സിംഗിന്റെ കാര്യമെടുക്കാം..കൃത്യനിര്‍വ്വഹണത്തിനിടെ നീതി പൂര്വ്വക തീരുമാനങ്ങളെടുക്കുന്നതിന്റെ പേരില്‍ പലതവണ ബലിയാടായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. മൂന്നാര്‍ കയ്യേറ്റ മൊഴിപ്പിക്കല്‍ ദൗത്യമായാലും, ട്രാഫിക് മേധാവി എന്ന നിലയിലുള്ള സേവനമായാലും..അവസാനം ഇലക്ട്രസിറ്റി ചീഫ് കമ്മീഷണര്‍ എന്ന നിലയിലുള്ള ചുമതലയായാലും ജനങ്ങളുടെ ഭാഗത്ത് നിന്ന് ആദര്ശധീരമായി ഡ്യൂട്ടി ചെയ്ത വ്യക്തിയായാണ് സിംഗിനെ ജനങ്ങള്‍ കാണുന്നത്. ഓരോ തവണ സ്ഥാലം മാറ്റങ്ങളും സ്ഥാനചലനങ്ങളും ഉണ്ടാകുമ്പോള്‍ അത് ഉന്നതരെ തൊടുമ്പോഴുണ്ടാകുന്നട പതിവ് ‘ഇംപാക്ട്’ ആണെന്ന് ജനങ്ങള്‍ക്കറിയാം. മൂത്തൂറ്റ് പോലുള്ള സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ പോലും നീങ്ങിയതിന്റെ ഫലമാണ് ഇപ്പോള്‍ സിംഗിനെ ചുമതല മാറ്റിയത് എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഋഷിരാജ് സിംഗ് ചെയ്ത് കൃത്യവിലോപം വലിയ അപരാധമായി കണ്ട് അദ്ദേഹത്തെ പഴിക്കാനല്ല, അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തന്നെയാണ് നാടിനോട് സ്നേഹമുള്ള കുറെ പേരെങ്കിലും തയ്യാറാവുക..ഫലത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ പ്രതിനിധിയെ അല്ല ഋഷിരാജ് സിംഗ് അപമാനിച്ചത്..മറിച്ച് ജനവികാരങ്ങളെ മറികടന്ന് അവിശുദ്ധ തീരുമാനങ്ങള്‍ക്ക് പിന്നാലെ പോകുന്നവരെയാണ് എന്ന പൊതുബോധമാണ് ഇത്തരം വികാരപ്രകടനങ്ങള്‍ക്ക് കാരണമാക്കുന്നത്.. അതിനെ ജനാധിപത്യവിരുദ്ധ പ്രകടനം എന്ന രീതിയില്‍ ആക്രമിക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല..പക്ഷേ എന്ത് കൊണ്ട് ജനങ്ങള്‍ പ്രോട്ടോക്കോള്‍ വിരുദ്ധരാകുന്നു എന്ന ആത്മ പരിശോധന നടത്തുന്നത് നന്നാവും.. ഭരണാധികാരികളെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ അവസ്ഥയുണ്ടാകുന്നത് ജനാധിപത്യം അതിന്റെ പുഴുക്കുത്തുകളില്‍ അഭിരമിക്കുന്നത് കൊണ്ട് മാത്രമാണ്. ഇവിടെ ഋഷിരാജ് സിംഗിന് കിട്ടുന്ന കയ്യടിയായി മാത്രം ജനവികാരത്തെ ആരും വിലയിരുത്തേണ്ട…ജനാധിപത്യത്തെ, ജനതാല്ൃപര്യത്തെ അമ്മാനമാടി ജനങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് നേരെയുള്ള പ്രഹരം കൂടിയായി കണക്കാക്കുക… ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കുന്നതിനേക്കാള്‍ ജനാധിപത്യ സംരക്ഷണത്തിന് നന്നാവുക അത്തരത്തിലുള്ള വിലയിരുത്തലാകും.
Discussion about this post