സംസ്ഥാനത്ത് വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്ത് നേരിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
മഴ വീണ്ടും ശക്തമായതോടെ ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12നാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുക. സെക്കന്റില്‍ 8,500 ലിറ്റര്‍ വെള്ളം അണക്കെട്ടില്‍നിന്ന് ഒഴുക്കിവിടും.ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ താഴ്വാരത്ത് കരമാന്‍തോട്, പനമരം പുഴകളില്‍ 20 സെന്റിമീറ്റര്‍ മുതല്‍ 30 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ താഴ് വരയുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
മഴ ശക്തമായതോടെ ഇന്ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച എറണാകുളം ,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളിലും ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Discussion about this post