പ്രോട്ടോക്കോള്‍ ലംഘനവിവാദത്തില്‍പെട്ട എ.പി ബറ്റാലിയന്‍ എ.ഡി.ജി.പി ഋഷിരാജ്‌സിങ് കേരളം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മനംമടുത്താണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തില്ല എന്ന വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട സിങ് ഇക്കാര്യവും അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചാലും ഇവിടെ അവഗണന നേരിടേണ്ടി വരുമെന്ന ആശങ്കയുള്ളതിനാലാണ് അദ്ദേഹം കേരളം വിടാനുള്ള ആഗ്രഹവും വെളിപ്പെടുത്തിയത്. പല മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഋഷിരാജ് ഇക്കാര്യം പറഞ്ഞതായും വാര്‍ത്തകളുണ്ട്.
നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സി.ബി.ഐയില്‍ സുപ്രധാന തസ്തികയില്‍ പ്രവര്‍ത്തിച്ച് കേരളത്തില്‍ മടങ്ങിയെത്തിയ ഋഷിരാജ് സിംഗിന് അപ്രധാന തസ്തികകളില്‍ മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇതിലുള്ള അതൃപ്തിയും ഋഷിരാജ് സിങ് സീനിയര്‍ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു. ക്രമസമാധന ചുമതലയുള്ള ഏതെങ്കിലും തസ്തികയില്‍ നിയമനം ആഗ്രഹിച്ചിരുന്ന സിങ്ങിനെ സര്‍ക്കാര്‍ വീണ്ടും അപ്രധാന തസ്തികയിലാണ് നിയമിച്ചിരിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി കേഡര്‍ സംസ്ഥാനത്ത് ചുമതലയേറ്റാല്‍ അടുത്ത ഡെപ്യൂട്ടേഷന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് ഇനി മാസങ്ങള്‍ മാത്രം മതി. എന്നാല്‍, അതിന് മുമ്പുതന്നെ ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കാനാണ് തീരുമാനം.
മുന്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവലുമായുള്ള അടുപ്പവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അപേക്ഷയില്‍ ഇവിടെ തടസ്സം ഉണ്ടായാല്‍ കേന്ദ്രം ഇടപെടുമെന്നാണ് സൂചന. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടേഷന് സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെങ്കിലും കേന്ദ്രം ആവശ്യപ്പെട്ടാല്‍ വിട്ടുകൊടുക്കാറാണ് കീഴ വഴക്കം.
മികച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പേരെടുത്ത ഋഷിരാജ് സിംഗ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറാനുള്ള തീരുമാനമെടുത്താല്‍ അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ആദര്‍ശ ധീരരായ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തില്‍ തുടരനാവാത്ത അവസ്ഥയുണ്ടെന്ന വിമര്‍ശനം സര്‍ക്കാര്‍ നേരിടേണ്ടി വരും.
Discussion about this post