ഡൽഹി: അനധികൃത കുടിയേറ്റക്കാർ രാജ്യ തലസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ബിജെപി എം പി മനോജ് തിവാരി. ഡൽഹിയിലും ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആശയം ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാർ ഭീകരവാദ പ്രവർത്തനങ്ങളും കള്ളനോട്ടും പ്രചരിപ്പിക്കുന്നു. അവരിൽ പലരും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിക്ക് പുറമെ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും പൗരത്വ രജിസ്റ്റർ തയ്യാറാക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കും. അനധികൃത കുടിയേറ്റക്കാരെ ഒന്നൊഴിയാതെ പുറത്താക്കും. ഇത് പാർട്ടിയുടെ നയമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
അതിർത്തി കടന്നെത്തിയ അനധികൃത കുടിയേറ്റക്കാർ മാത്രമാണ് പൗരത്വ രജിസ്റ്ററിലൂടെ പുറത്താകുന്നത്. മതിയായ രേഖകളോടെ ഇവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇതു കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മനോജ് തിവാരി എം പി വ്യക്തമാക്കി.
Discussion about this post