സിറിയയിലെ വടക്കുകിഴക്കൻ ഇദ്ലിബിൽ അൽഖ്വൈദ ഭീകരവാദ പരിശീലന ക്യാമ്പിനു നേരേ അമേരിക്കൻ മിസൈൽ ആക്രമണം. അൻപതോളം അൽഖ്വൈദ ഭീകരവാദി നേതാക്കൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സിറിയയിൽ ടർക്കിയോട് ചേർന്നുകിടക്കുന്ന ചെറിയ പ്രവിശ്യയാണ് ഇദ്ലിബ്. ഇപ്പോഴും അൽഖ്വൈദ ഭീകരരുടെ നിയന്ത്രണത്തിലുള്ള ഇവിടെ അനേകം ജിഹാദി പരിശീലന ക്യാമ്പുകൾ നടന്നു വരുന്നുവെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യു എസ് സെൻട്രൽ കമാൻഡ് ഇന്നലെ രാത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ ‘അമേരിക്കയുടെ പൌരന്മാരെയും സുഹൃത്തുക്കളേയും നിരപരാധികളായ ജനങ്ങളേയും ആക്രമിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അൽഖ്വൈദ സിറിയൻ കേന്ദ്രത്തിൽ അമേരിക്കൻ സുരക്ഷാസേന ആക്രമണം നടത്തി’ എന്നാണ് പറയുന്നത്. കടക്കുകിഴക്കൻ സിറിയൻ പ്രദേശങ്ങൾ അൽഖ്വൈദ നേതാക്കളുടെ ഒരു സുരക്ഷിതസ്വർഗ്ഗമായിരുന്നു എന്നും ഭീകരവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത് ഇവിടെവച്ചായിരുന്നു എന്നും യു എസ് സെൻട്രൽ കമാൻഡ് പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
റഷ്യയും സിറിയൻ ഔദ്യോഗിക ഗവണ്മെന്റും കഴിഞ്ഞ ഏപ്രിൽ മുതൽ ഈ മേഖല തിരികെപ്പിടിയ്ക്കാൻ അൽ ഖ്വൈദ ഉൾപ്പെടെയുള്ള ജിഹാദി സംഘങ്ങളോട് യുദ്ധം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിറിയൻ ഗവണ്മെന്റും റഷ്യയും ചർച്ചകൾക്കായി വെടിനിർത്തൽ പ്രഖ്യാപിച്ചതിനു തൊട്ടുപിറകേയാണ് അമേരിക്ക ഈ ക്യാമ്പുകൾ ആക്രമിച്ചിരിയ്ക്കുന്നത്.
ഹുറാസ് അൽ ദീൻ, അൻസാർ അൽ തൌഹീദ് എന്നീ ജിഹാദി സംഘങ്ങൾ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കൾ ഒരുമിച്ചുകൂടിയ ഒരു യോഗത്തിലേക്കാണ് അമേരിക്കൻ സുരക്ഷാസേനകൾ മിസൈൽ അയച്ചതെന്ന് അന്വേഷണ ഏജൻസികളും അന്താരാഷ്ട്ര നിരീക്ഷകരും പറയുന്നു. ചുരുങ്ങിയത് അൻപതോളം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
മൂന്നുദശലക്ഷം ജനങ്ങൾ പാർത്തിരുന്ന ഇദ്ലിബ് മേഖലയിൽ നിന്ന് പകുതിയോളം ആൾക്കാർ ജിഹാദി ആക്രമണം കാരണം പാലായനം ചെയ്തു. ഇവർ സിറിയൻ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള സിറിയയുടെ മറ്റുഭാഗങ്ങളിൽ അഭയാർത്ഥികളായി താമസിയ്ക്കുകയാണ്.
Discussion about this post