ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ന്റെ നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററും വിക്രം ലാൻഡറും വേർപെടും. ഇന്ന് ഉച്ചയ്ക്ക് 12.45 നും 1.45 നും ഇടയിൽ ഈ ഘട്ടം ചന്ദ്രയാൻ 2 മറികടക്കും. ഈ ഘട്ടത്തിലെ അഞ്ചാമത്തെയും അവസാനത്തേതുമായ ഭ്രമണ പഥമാറ്റം ഞായറാഴ്ച നടന്നിരുന്നു.
രണ്ടായി വേർപെട്ട ശേഷം ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ തന്നെ തുടരും. വിക്രം ലാൻഡർ രണ്ട് തവണയായി ഭ്രമണ പഥം താഴ്ത്തി ചന്ദ്രനിലേക്ക് അടുക്കും. സെപ്റ്റംബർ മൂന്നിനും നാലിനും ഈ മാറ്റം സംഭവിക്കും. വിക്രം ലാൻഡർ വേർപെട്ടതിന് ശേഷം ചന്ദ്രയാൻ2 ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ ക്യാമറ ലാൻഡിങ്ങ് സൈറ്റിന്റെ ചിത്രങ്ങളെടുക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറങ്ങുന്നതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30 നും 2.30 നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുക.
Discussion about this post