മുത്തലാഖുപോലെ അനിയന്ത്രിതവും ഏകപക്ഷീയവുമാണ് ബഹുഭാര്യത്വവുമെന്ന് നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.മുത്തലാഖ് നിരോധന ബില്‍ നടപ്പിലാക്കിയതോടെ മുസ്ലിം സ്ത്രീകള്‍ക്ക് സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്. ബഹുഭാര്യത്വം ചോദ്യം ചെയ്ത് ഉടന്‍ കോടതിയില്‍ ഹര്‍ജി പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍.
ബഹുഭാര്യത്വം, സ്വത്തവകാശം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. അടിസ്ഥാന നിലപാട് കോടതി വ്യക്തമാക്കിയിരിക്കുന്നു അനിയന്ത്രിതവും ഏകപക്ഷീയവുമായ മതനിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. മൗലികാവകാശങ്ങളും തുല്യതയും ലംഘിക്കുന്ന നിയമങ്ങള്‍ക്ക് സ്ഥാനമില്ല. വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്ക്കതീതമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഈ തത്വം ബഹുഭാര്യത്വത്തിനും ബാധകമാണ്. മുത്തലാഖുപോലെ അനിയന്ത്രിതവും ഏകപക്ഷീയവുമാണ് ബഹുഭാര്യത്വവുമെന്നും അദ്ദേഹം പറയുന്നു.
മുസ്ലിം സ്ത്രീകളുടെ ജീവിതത്തിനു മുകളില്‍ ഏത് നിമിഷവും പതിക്കാവുന്ന വാളായിരുന്നു മുത്തലാഖ്. എപ്പോള്‍ വേണമെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും പുറത്താക്കപ്പെടുമെന്ന അവരുടെ ഭീതി ഇതോടെ ഇല്ലാതായി. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കോടതി ഉയര്‍ത്തിപ്പിടിച്ചു. വലിയ വിദ്യാഭ്യാസമുള്ളവരോ പണക്കാരോ അല്ലാത്ത സാധാരണ സ്ത്രീകളാണ് നിയമപോരാട്ടം നടത്തിയതെന്നതും ശ്രദ്ധിക്കേണ്ടതാണ്. മുത്തലാഖിനെ എതിര്‍ത്ത് ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചിട്ടുണ്ടോ. സ്ത്രീകള്‍ മാനസിക വളര്ച്ചയെത്താത്തവരെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ഈ വാദം നമുക്ക് അംഗീകരിക്കാനാകുമോ.-അദ്ദേഹം ചോദിക്കുന്നു.
മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇത്രത്തോളം മുന്നേറാന്‍ സാധിക്കുമായിരുന്നോയെന്ന് സംശയമാണ്. ഷബാനു കേസിലെ വിധി മറികടക്കാന്‍ നിയമം പാസാക്കിയതും അയോധ്യ ആരാധനയ്ക്ക് തുറന്നുകൊടുത്തതും വര്‍ഗ്ഗീയ വിഭജനത്തിനും വിദ്വേഷത്തിനും ഇടയാക്കിയിരുന്നു. ഇന്ത്യയുടെ മതേതര സ്വഭാവത്തെ വിഭജന കാലത്തേക്കാള്‍ ഗുരുതരമായി രാജീവ് ഗാന്ധിയുടെ ഈ രണ്ട് തീരുമാനങ്ങളും ബാധിച്ചു.
ഇപ്പോള്‍ ശരിയായ ദിശയിലാണ് രാജ്യം സഞ്ചരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടതി വിധിയെ ഉപയോഗിക്കുമെന്ന് ഇടതുപക്ഷമുള്‍പ്പെടെ ആരോപിക്കുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് ഭരണഘടനയിലുള്ളതാണ്. ഒരു വിഭാഗത്ത ഭയപ്പാടിലാക്കാന്‍ വിഷയത്തെ ഉപയോഗിക്കരുത്. വിശ്വാസങ്ങളുടെയോ ആചാരങ്ങളുടെയോ ഏകീകരണമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ വിവാഹത്തിനും മരണത്തിനുമൊക്കെ ഹിന്ദു ആചാരങ്ങള്‍ പിന്തുടരേണ്ടി വരുമെന്നൊക്കെ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങള്‍ ഹിന്ദു കോഡ് ബില്ലാണ് പിന്തുടരുന്നത്. എന്നിട്ട് അവര്‍ക്ക് മതപരമായ എന്തെങ്കിലും പ്രശ്നമുണ്ടോ? എല്ലാവര്ക്കും തുല്യ അവകാശവും നീതിയും ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളുടെ ഏകീകരണമാണ് പൊതു സിവില്‍കോഡിന്റെ ലക്ഷ്യം. മുഴുവന്‍ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് ഇത് നടപ്പാക്കണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ തീരുമാനിച്ചത്. പി സദാശിവം സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
Discussion about this post