കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസ്സ് എം എൽ എ സബ്യസാചി ദത്ത ബിജെപിയിൽ ചേരുമെന്ന് സൂചന. ഗണേശ ചതുർത്ഥിക്ക് ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, നേതാക്കളായ അരവിന്ദ് മേനോൻ, മുകുൾ റോയ് എന്നിവരോടൊപ്പം ദത്ത വിശേഷാൽ പൂജകളിൽ പങ്കെടുത്തു. പൂജകൾക്ക് ശേഷം ബിജെപി നേതാക്കളെ വീട്ടിൽ വിശിഷ്ടാതിഥികളായ ക്ഷണിച്ച ദത്ത അവർക്ക് വിരുന്ന് സത്കാരവും നൽകി.
സാൾട്ട് ലേക്കിലെ ഗണേശ വിഗ്രഹത്തിന് മുന്നിലാണ് ഇവർ ഗണപതി പൂജ നടത്തിയത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തൃണമൂൽ കോൺഗ്രസ്സ് രാജ്യസഭാ എം പിയായിരുന്ന മുകുൾ റോയ് 2017ലാണ് ബിജെപിയിൽ ചേർന്നത്.
പശ്ചിമ ബംഗാളിൽ സർവ്വ സമ്മതനായ മുകുൾ റോയിയിടെ സ്വാധീനത്തിൽ പിന്നീട് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. രാജർഹട്ട് ന്യൂ ടൗണിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്സ് എം എൽ എയാണ് സബ്യസാചി ദത്ത. കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും ചർച്ചയായെന്നും ദത്ത ഉടൻ ബിജെപിയിൽ എത്തുമെന്നുമാണ് സൂചന.
Discussion about this post